29 March 2024 Friday

ഇനി കൊടുത്താല്‍ അകത്താക്കും; ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവ്; 41കാരനെ വിലക്കി നെതർലൻഡ്സ് കോടതി

ckmnews

ഇനി കൊടുത്താല്‍ അകത്താക്കും; ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവ്; 41കാരനെ വിലക്കി നെതർലൻഡ്സ് കോടതി


ആംസ്റ്റർഡാം∙ ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവായതിനെ തുടർന്ന് ബീജം ദാനം ചെയ്യുന്നതിൽനിന്നു യുവാവിനെ വിലക്കി നെതർലൻഡ്സ് കോടതി. ഹേഗ് സ്വദേശിയായ നാൽപത്തിയൊന്നു വയസ്സുകാൻ ജോനാഥൻ ജേക്കബ് മെയ്ജർ എന്നയാളെയാണ് ബീജദാനത്തിൽനിന്നു കോടതി വിലക്കിയിത്. ബീജം ദാനം ചെയ്യാൻ ശ്രമിച്ചാൽ 1,00,000 യൂറോ (90,41,657 രൂപ) പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിലുണ്ട്.


13 ക്ലിനിക്കുകളിലാണ് ജോനാഥൻ ജേക്കബ് ബീജം ദാനം ചെയ്തത്. ഇതിൽ 11 എണ്ണവും നെതർലൻഡ്സിലാണ്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ ഏകദേശം 550ലധികം കുട്ടികളുടെ പിതാവായി ജോനാഥൻ‌. നെതർലൻഡ്സിൽ കരിമ്പട്ടികയിൽ ആയതിനെ തുടർന്നു യുക്രെയ്ൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലും ഓൺലൈനായും ജോനാഥൻ ബീജം ദാനം ചെയ്യുകയായിരുന്നു. സംഗീതജ്ഞനായ ഇയാൾ, നിലവിൽ കെനിയയിലാണ് താമസിക്കുന്നത്.

ജോനാഥന്റെ മക്കളിൽ ഒരാളുടെ അമ്മയും ഡോണർകൈൻഡ് എന്ന ഫൗണ്ടേഷനുമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഡച്ച് നിയമമനുസരിച്ച്, ബീജദാതാക്കൾ 12ൽ കൂടുതൽ സ്ത്രീകൾക്ക് ദാനം ചെയ്യാൻ പാടില്ല. 25ൽ കൂടുതൽ കുട്ടികളുടെ പിതാവാകാനും പാടില്ല. നൂറുകണക്കിനു സഹോദരങ്ങൾ ഉണ്ടെന്നറിഞ്ഞ് കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ തടയാനാണിത്. ഒരേ പ്രദേശത്ത് ഒരാളുടെ ബീജത്തില്‍നിന്നു തന്നെ നിരവധി കുട്ടികളുണ്ടായാൽ സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹത്തിലേക്കും ലൈംഗികബന്ധത്തിലേക്കും അത് എത്തിച്ചേരാനും സാധ്യതയുണ്ട്. 


തന്റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെ യഥാർഥ കണക്ക് മറച്ചുവച്ചാണ് ജോനാഥൻ വീണ്ടും വീണ്ടും ബീജം ദാനം ചെയ്തതെന്ന് കേസ് പരിഗണിച്ച ജഡ്ജി ഹെസെലിങ്ക് പറഞ്ഞു. ഈ കുട്ടികൾക്ക് ഇപ്പോൾ അവരുടെ സമ്മതമില്ലാതെ തന്നെ നൂറുകണത്തിനു അർധസഹോദരങ്ങളാണുള്ളതെന്ന് ജ‍ഡ്ജി പറഞ്ഞു. ബീജം ദാനം ചെയ്യാൻ തയാറാണെന്ന് അറിയിച്ച് ഇനി ജോനാഥൻ ആരെയും സമീപിക്കരുതെന്ന് കോടതി കർശനനിർദേശം നൽകി.