29 March 2024 Friday

കാടുകടത്തി; അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ

ckmnews

കാടുകടത്തി; അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ


ചിന്നക്കനാൽ (ഇടുക്കി) ∙ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും പകലിനൊടുവിൽ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കാടുകടത്തി. വീടുകളും കടകളും തകർത്ത് അരിയെടുത്തു തിന്നും ഏതാനും പേരെ കുത്തിക്കൊലപ്പെടുത്തിയും ഭീതിസൃഷ്ടിച്ച കാട്ടാനയെ ഇന്നലെ രാത്രിയോടെ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്തു തുറന്നുവിട്ടു. ചിന്നക്കനാലിൽനിന്ന് 105 കിലോമീറ്റർ അകലെയാണ് പെരിയാർ സങ്കേതം. കഴുത്തിലിട്ട സാറ്റലൈറ്റ് റേഡിയോ കോളറിലൂടെ കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കും.  പെരിയാർ വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടമായ കുമളി നഗരത്തിൽ ഇന്നലെ വൈകിട്ട്  5 നു പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നു രാവിലെ 7 വരെയാണ്. 


കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യത്തിനാണു ചിന്നക്കനാൽ ഇന്നലെ വേദിയായത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ്  ‘അരിക്കൊമ്പൻ ദൗത്യം’ ആരംഭിച്ചത്. ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല


ഇന്നലെ രാവിലെ 7.30നു സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി.  തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഉച്ചയ്ക്കു ശേഷം ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന പ്രതിരോധിച്ചു. 


3 മണിയോടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയ ശേഷം ലോറി അരിക്കൊമ്പനു സമീപത്തെത്തിച്ചു. മഴയത്ത് 4 കുങ്കികളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി. ഇതിനു ശേഷമാണു 5 മണിയോടെ കൊമ്പനെ ലോറിയിലെ കൂട്ടിൽ തളയ്ക്കാനായത്. തൊട്ടുപിന്നാലെ ലോറി റോഡിലേക്കു മാറ്റി അരിക്കൊമ്പനു സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചു. 


6 മണിയോടുകൂടി ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരിയാറിലേക്കു പുറപ്പെട്ടു. പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതു യാത്ര വൈകാനിടയാക്കി.