28 March 2024 Thursday

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ ലോറിയിൽ കയറ്റി

ckmnews


ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ കയറ്റി. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു.


4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു.

ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റേണ്ടത്. പ്രദേശത്തുണ്ടായ നേരിയ ചാറ്റൽമഴ ദൗത്യത്തിനു വെല്ലുവിളിയാകുമോയെന്ന് ആശങ്കയുയർത്തിയിരുന്നു.

അരിക്കൊമ്പന്റെ കാലുകൾ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആണ് കാലുകൾ ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങി തുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

അതിനിടെ, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്.

അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.

മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.