19 April 2024 Friday

കാറ്റിൽ നിലം പൊത്തിയ കെഎസ്ഇബിയുടെ 110 കെവി ടവർ പുനർ നിർമാണം തുടങ്ങി

ckmnews


പുന്നയൂർക്കുളം:ചമ്മന്നൂർ കോൾപ്പാടത്ത് നിലംപൊത്തിയ കെഎസ്ഇബിയുടെ 110 കെവി ടവറിനു സമീപം ടവറിനു സമാനമായ 2 എ പോൾ സ്ട്രക്ചർ സ്ഥാപിച്ച് ലൈൻ മാറ്റി. പുതിയ ടവർ നിർമാണം പൂർത്തിയായാൽ എ പോളിലെ ലൈൻ തിരിച്ച് ടവറിലേക്ക് മാറ്റും. നിലം പൊത്തിയ ടവർ പുനഃസ്ഥാപിക്കാനുള്ള പണികളും ആരംഭിച്ചിട്ടുണ്ട്.


ടവർ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് കാലുകളിലൊന്ന് വീണിരുന്നു. അവിടെ പുതിയ കാൽ നിർമിക്കാനായി മണ്ണെടുക്കൽ തുടങ്ങി. മഴയ്ക്ക് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. ടവർ പൂർണമായി അഴിച്ചുമാറ്റി. ടവറിന്റെ കാലുകൾ പുതിയ കോൺക്രീറ്റിൽ ഉറപ്പിച്ച ശേഷം ഇത് വീണ്ടും ഘടിപ്പിക്കും.



ചൊവ്വാഴ്ച വൈകിട്ട് വീശിയ കാറ്റിലാണ് കുന്നംകുളത്ത് നിന്നു പുന്നയൂർക്കുളം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ടവർ വീണത്. ഇതോടെ 5 പഞ്ചായത്തുകളിൽ വൈദ്യുതി മുടങ്ങി. പുലർച്ചെയോടെ സമീപ സബ് സ്റ്റേഷനുകളിൽ നിന്നു ചാർജ് ചെയ്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിരുന്നു.