19 April 2024 Friday

ഫാം ബില്ലില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

ckmnews

ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.  ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് അകാലിദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ഉണ്ടായിരിക്കുന്നത്.

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 

ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദള്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ടുപോയതോടെയാണ് പ്രതിഷേധമായി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചത്. ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു അകാലിദള്‍. 

ബില്ലിനെ എതിര്‍ക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദള്‍ പറയുന്നു. ലോക്‌സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം.