20 April 2024 Saturday

ഓപ്പറേഷൻ കാവേരിയിൽ പങ്കാളിയായി ഇൻഡിഗോ; 231 ഇന്ത്യക്കാർ ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക്

ckmnews


ജിദ്ദ∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയായി ഇൻഡിഗോ എയർലൈൻസും. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ച 231 ഇന്ത്യക്കാരുമായി ഇൻഡിഗോ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഏകദേശം 1600 പേർ ഇന്ത്യയിലെത്തിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പങ്കെടുക്കാൻ ഇൻഡിഗോ എയർലൈൻസ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ‘ഓപ്പറേഷൻ കാവേരി’ ദൗത്യത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇൻഡിഗോ അറിയിച്ചു. 



‘ഓപ്പറേഷൻ കാവേരി’യുടെ ഭാഗമായി ഇതുവരെ 2,100 ഇന്ത്യക്കാർ ജിദ്ദയിൽ എത്തിയതായി വെള്ളിയാഴ്ച വി.മുരളീധരൻ അറിയിച്ചിരുന്നു. അതേസമയം, പോർട്ട് സുഡാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഎൻഎസ് സുമേധ 300 പേരുമായി ജിദ്ദയിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഐഎൻഎസ് സുമേധയുടെ 13-ാമത്തെ ബാച്ചാണ് ഇന്ത്യക്കാരുമായി ജിദ്ദയിലേക്ക് പോകുന്നത്.