19 April 2024 Friday

ആരുമറിയാതെ അരിക്കൊമ്പനെ നാടുകടത്താന്‍ വനംവകുപ്പ്; മയക്കുവെടിക്ക് മുഖ്യമന്ത്രിയുടെ അനുമതി

ckmnews

ആരുമറിയാതെ അരിക്കൊമ്പനെ നാടുകടത്താന്‍ വനംവകുപ്പ്; മയക്കുവെടിക്ക് മുഖ്യമന്ത്രിയുടെ അനുമതി


ചിന്നക്കനാല്‍∙ ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ ഇന്നോ നാളെയോ പിടികൂടി ഇരുചെവിയറിലാതെ സ്ഥലം മാറ്റാന്‍ പദ്ധതിയൊരുക്കി വനംവകുപ്പ്. ദൗത്യസംഘം ഇതിനുള്ള നടപടികള്‍ തുടങ്ങി. തിരുവനന്തപുരം വെള്ളനാട്ട് രക്ഷാദൗത്യത്തിനിടെ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടിവന്ന വനംവകുപ്പ് ഏറെ ജാഗ്രതയോടെയാണ് അരിക്കൊമ്പന്‍ ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുന്നത്.


അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനം വകുപ്പിന് അനുമതി നല്‍കി. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ അനുമതി തേടിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2നു സിമന്റ് പാലത്ത് മോക്ഡ്രില്‍ നടത്തും. ഒരുപക്ഷേ, മോക്ഡ്രില്‍ എന്ന വ്യാജേന ആനയെ പിടികൂടാനും വനംവകുപ്പിനു പരിപാടിയുണ്ടെന്ന് അറിയുന്നു. കനത്ത മഴ പെയ്താല്‍ ദൗത്യം ഒന്നോ രണ്ടോ ദിവസം നീളും.



മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഇന്നു ചിന്നക്കനാലില്‍ എത്തും. വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോടു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാര്‍ അല്ലെങ്കില്‍ കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം എന്നിവയില്‍ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.