28 March 2024 Thursday

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം; തൃത്താല എം എൽ എ ബല്‍റാമിനെ വളഞ്ഞിട്ടടിച്ചു, തലയ്ക്ക് പരുക്ക്‌

ckmnews

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. മിക്കയിടങ്ങളിലും പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധത്തിന് മുന്‍നിരയിലുള്ളത്. മന്ത്രിയെ എന്‍.ഐ.എ. ചോദ്യംചെയ്തതോടെയാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്.



സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. കൊല്ലത്ത് കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  കോട്ടയത്തും കെ.എസ്.യു. നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 
ഇടുക്കിയിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. പോലീസ് തീര്‍ത്ത ബാരിക്കേഡിന് മുകളില്‍കയറിനിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് തൃത്താല എം.എല്‍.എ വി ടി ബല്‍റാമിന് പരിക്കേറ്റു. മറ്റ് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. വി.ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്കാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ തലയ്ക്ക് പരിക്കേറ്റത്. 

മന്ത്രിയെ ചോദ്യംചെയ്യുന്ന എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വഴിയില്‍ വെച്ചുതന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്തു എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. കോട്ടയം എസ്പി ഓഫീലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ്‌ വെച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ്‌ മറികടന്ന പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് ലാത്തികൊണ്ട് നേരിട്ടു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.  ‌