25 April 2024 Thursday

കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് താങ്ങാനാവില്ലെന്ന് കർണാടക പൊലീസ്; മഅദനി സുപ്രിം കോടതിയിലേക്ക്

ckmnews


കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് താങ്ങാനാവില്ലെന്ന് കർണാടക പൊലീസ്. 20 പൊലീസ് ഉദ്യോഗസ്ഥർ അനുഗമിക്കും. ഇതിന് ശരാശരി ഒരു കോടി ചിലവു വരും എന്ന് കർണാടക പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് മഅദനി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.


ജാമ്യ വ്യവസ്ഥയിലെ ഇളവ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി ആരോപിച്ചു. ഏത് നിലവരെയും നിയമപരമായി പോകും. മഅദനിയ്ക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും മകൻ അറിയിച്ചു.


രോഗബാധിതനായ പിതാനിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത് കർശനമായ ജാമ്യവ്യവസ്ഥകൾ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കർണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്.


വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി നേരത്തെ ചോദിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായ സാഹചര്യത്തിൽ മഅദനി ബെംഗളൂരുവിൽ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ മഅദനിക്ക് ജാമ്യം ലഭിച്ചപ്പോൾ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു.