23 April 2024 Tuesday

കോവിഡ് പോസിറ്റീവായ വ്യക്തിക്ക് നെഗറ്റീവെന്ന് സർട്ടിഫിക്കറ്റ്; ലാബ് പൂട്ടിച്ചു, ഉടമയ്ക്കെതിരെ കേസ്

ckmnews



വളാഞ്ചേരി ∙ കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് നെഗറ്റീവ് എന്നു സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ സ്വകാര്യ ലാബിനെതിരെ നടപടി. വളാഞ്ചേരി കൊളമംഗലത്തെ ലാബിന്റെ ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് ലാബ് പൂട്ടിച്ചു.  കൊളമംഗലത്തെ സ്ഥാപനം സാംപിളുകൾ കോഴിക്കോട്ടെ സ്വകാര്യ ലബോറട്ടറിയിലേക്ക് അയച്ചാണു പരിശോധന നടത്തിയിരുന്നത്. ഫലം നെഗറ്റീവെങ്കിൽ ഫ്രാഞ്ചൈസികളായ ലാബുകൾക്ക് റിസൽറ്റ് നൽകും.


പോസിറ്റീവ് ആയാൽ ആരോഗ്യവകുപ്പിനു ഫലം കൈമാറും. ഈ മാസം 14ന് പരിശോധന നടത്തിയ തൂത സ്വദേശിക്കു കോവിഡ് നെഗറ്റീവ് സർ‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. പോസിറ്റീവ് ആണെന്നു പിന്നാലെ ആരോഗ്യ വകുപ്പിൽനിന്ന് അറിയിപ്പ് വന്നു. ഇതോടെ ഇയാൾ സ്രവ പരിശോധന നടത്തിയ കോഴിക്കോട്ടെ ലബോറട്ടറിയെ സമീപിച്ചു. 


തങ്ങൾ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നു കണ്ടെത്തിയ കോഴിക്കോട്ടെ ലബോറട്ടറി       അധികൃതരാണ് വളാഞ്ചേരിയിലെ സ്ഥാപനത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട്ടെ ലബോറട്ടറിയുടെ വെബ്സൈറ്റിൽ കയറി കോവിഡ് നെഗറ്റീവ് ആയ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ലാബിലെ റജിസ്റ്റർ, കംപ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവ വളാഞ്ചേരി എസ്ഐ എൻ.കെ.മുരളീകൃഷ്ണൻ, പ്രബേഷൻ എസ്ഐ മധു, സി.പി.ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.