19 April 2024 Friday

ഇന്ത്യൻ സർക്കസിന്റെ കുലപതി; ജെമനി ശങ്കരൻ ഇനി ഓർമ..

ckmnews


ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച നടക്കും.

ജംബോ, ജെമിനി, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകനാണ് ജെമിനി ശങ്കരൻ. ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ.


കണ്ണൂർ വാരത്ത് 1924-നായിരുന്നു ജനനം.1951-ൽ സൂറത്തിനടുത്ത് ജെമിനി സർക്കസ് തുടങ്ങി .1977 ഒക്ടോബർ 2-ന് ജംബോ സർക്കസും ആരംഭിച്ചു. സർക്കസ് പോലെ തന്നെ വിസ്മയിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ നിന്നാണ് ജെമിനി ശങ്കരന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ വയലർലെസ് വിഭാഗത്തിൽ നാല് വർഷം സേവനമനുഷ്ഠിച്ച എംവി ശങ്കരന് പട്ടാളത്തിൽ തുടരാമെങ്കിലും സർക്കസിനോടുള്ള അഭിനിവേഷം പിന്നോട്ട് വലിക്കുകയായിരുന്നു. തുടർന്ന് തലശ്ശേരി ചിറക്കരയിലെ സർക്കസ് വിദ്യാലയത്തിലെത്തി. കീലേരി കുഞ്ഞിക്കണ്ണനിൽ നിന്ന് കുഞ്ഞുനാളിൽ അഭ്യസിച്ച വിദ്യകളാണ് മുതൽക്കൂട്ട്. പിന്നീട് കൊൽക്കത്തയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശങ്കരൻ കീലേരിയുടെ ശിഷ്യൻ എംകെ രാമന്റെ കീഴിൽ പരിശീലനം തുടർന്നു. കണ്ണഞ്ചിപ്പിക്കുന്ന, ശ്വാസംപിടിച്ചുനിർത്തുന്ന ട്രപ്പീസ് ഇനങ്ങളിലെ പ്രകടനം ശങ്കരനെ സർക്കസ് ലോകത്ത് അതിനകം പ്രിയങ്കരനാക്കി.


അഞ്ച് വർഷങ്ങൾക്കിപ്പുറം, മഹാരാഷ്‌ട്രയിലെ വിജയ സർക്കസ് ശങ്കരനും സഹപ്രവർത്തകനായ സഹദേവനും ചേർന്ന് വാങ്ങി. 6000 രൂപയായിരുന്നു വില. കൂടുതൽ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം ജെമിനി എന്ന പുതിയ പേരിൽ ഗുജറാത്തിലെ ബില്ലിമോറിയിൽ 1951 ഓഗസ്റ്റ് 15-നായിരുന്നു ഉദ്ഘാടനം. ഇതിന് പിന്നാലെ സർക്ക്‌സ് ലോകത്ത് ജെമിനി ശങ്കരൻ താരമായി തീർന്നു. ജെമിനി അതിവേഗം വളർന്ന് വിദേശത്തും ചുവടുവെച്ചു. 1977 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിനാളിലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായ ജംബോ സർക്കസിന്റെ തുടക്കം. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സർക്കസുമായി പ്രദർശന പര്യടനം നടത്തിയ ജെമിനി ശങ്കരൻ ഒട്ടേറെ രാഷ്‌ട്രത്തലവന്മാരുടെ അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നു