19 April 2024 Friday

സുഡാൻ കലാപം: വിദേശ പൗരന്മാരെ വ്യോമമാർഗം ഒഴിപ്പിക്കാൻ അനുമതി

ckmnews

സുഡാൻ കലാപം: വിദേശ പൗരന്മാരെ വ്യോമമാർഗം ഒഴിപ്പിക്കാൻ അനുമതി


ഖാർത്തൂം:ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് വിദേശരാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സുഡാൻ സൈന്യത്തിന്റെ അനുമതി. യുഎസ്, യുകെ, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സുഡാൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സുഗമവും സുരക്ഷിതവുമായ ഒഴിപ്പിക്കലിന് സേനാ മേധാവി ഫത്താഹ് അൽ ബുർഹാൻ സമ്മതിച്ചു.

യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങിൽ നിന്നുള്ള പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് സൈനിക വിമാനങ്ങളിൽ വ്യോമമാർഗം ഒഴിപ്പിക്കുമെന്നാണു സൈന്യം പറയുന്നത്. സൗദി പൗരന്മാരെയും സഹോദര രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാൻ ക്രമീകരണങ്ങളൊരുക്കുന്നതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇതിനകം ഒഴിപ്പിച്ചതായി സുഡാൻ സൈന്യം അറിയിച്ചു.



സംഘർഷത്തെത്തുടർന്ന് ഖാർത്തൂമിലെ രാജ്യാന്തര വിമാനത്താവളം അടച്ചിരുന്നു. ഇതിനാൽ യുഎസും യുകെയും ഉൾപ്പെടെയുള്ള വിദേശ എംബസികൾക്ക് അവരുടെ പൗരന്മാരെ മടക്കികൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. കലാപത്തിൽ ഒരാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഈദുല്‍ ഫിത്ർ കണക്കിലെടുത്ത് സൈന്യവും പാരാമിലിട്ടറി വിഭാഗമായ ആര്‍എസ്എഫും മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണു റിപ്പോർട്ട്.