20 April 2024 Saturday

നിലയ്ക്കാത്ത സമരവീര്യം; പ്ലാച്ചിമട സമരത്തിന് ഇന്ന് 21 വയസ്സ്

ckmnews

നിലയ്ക്കാത്ത സമരവീര്യം; പ്ലാച്ചിമട സമരത്തിന് ഇന്ന് 21 വയസ്സ്


കേരളത്തിന്റെ അവകാശ സമര ചരിത്രത്തിലെ വേറിട്ട ഇടമാണ് പ്ലാച്ചിമട. ലോകമെമ്പാടും 900-ലധികം ഫാക്ടറി ഔട്ട്‌ലെറ്റുകളുള്ള ഒരു ബഹുരാഷ്ട്ര കമ്പനി, ഒരു കൂട്ടം സാധാരണ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിനും അതിജീവന പോരാട്ടത്തിനും മുന്നിൽ മുട്ടുമടക്കിയ ചരിത്രമാണ് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരങ്ങൾക്ക് പറയുന്നത്. 21 വർഷത്തിനു ശേഷവും ഇവിടെ പോരാട്ടം തുടരുകയാണ്.

കേരള-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള, കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999ലാണ് പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നത്. കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായി അന്നത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് കൊക്കകോള കമ്പനി കേരളത്തിലേക്ക് എത്തുന്നത്.


പ്രദേശവാസികളായ 500ൽ അധികം ആളുകൾക്ക് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്ത് പ്ലാച്ചിമടയിൽ എത്തിയ കമ്പനി, ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത് 2000 മാർച്ചിലാണ്. ഏതാണ്ട് 56 കോടി രൂപയായിരുന്നു അന്ന് ഈ പ്ലാന്റിനായി കമ്പനി മുതൽമുടക്കിയത്. തമിഴ്നാടിന്റെ അതിർത്തി ഗ്രാമമായ പെരുമാട്ടി, കമ്പാലത്തറ, വെങ്കലക്കയം ജലസംഭരണികൾക്ക് ചുറ്റുമുള്ള ഗ്രാമമാണ് പ്ലാച്ചിമട. പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചതോടെ പ്ലാച്ചിമടയിൽ കുടിവെള്ള ക്ഷാമവും മലിനീകരണവും രൂക്ഷമായി.


കൃഷിഭൂമി മുഴുവൻ തരിശായി മാറിയതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമട പ്രദേശവാസികൾ സമരം ആരംഭിച്ചു. കമ്പനിയുടെ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴാണ് ആദ്യസമരം തുടങ്ങിയത്. 2002 ഏപ്രിൽ 22ന് ആദിവാസി നേതാവ് സി.കെ ജാനു പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

2004ൽ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം കൂടുതൽ ചർച്ചയായി. ഒടുവിൽ 2004 മാർച്ച് 9ന് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവായി. എന്നാൽ കേരള ഹൈക്കോടതിയിൽ നിന്ന് പ്രവർത്തനം തുടരാനുള്ള അനുമതി കമ്പനി നേടിയെടുത്തു. പിന്നീട് നിയമ പോരാട്ടങ്ങളിലൂടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിൽ വിജയിച്ചെങ്കിലും കമ്പനിയുടെ വരവു മൂലം പ്രദേശവാസികൾക്ക് ഉണ്ടായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.


2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തി പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കകോള കമ്പനിയിൽ നിന്ന് ഈടാക്കാവുന്നതാണെന്ന് ശിപാർശ ചെയ്തു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടുകൂടി, 2015 ഡിസംബറിൽ ബില്ല് കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു.