28 March 2024 Thursday

രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം, സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണം; പ്രധാനമന്ത്രി

ckmnews

രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം, സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണം; പ്രധാനമന്ത്രി


സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ നിർദേശം നൽകി. മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.


വിദേശകാര്യമന്ത്രി എസ് ജയശങ്കർ, നാവിക-വ്യോമസേന മേധാവിമാർ, നയതന്ത്രപ്രതിനിധികള്‍ എന്നിവർ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.


കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘ‌‍ർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.


സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമദാന്‍ കണക്കിലെടുത്താണ് തീരുമാനം.