20 April 2024 Saturday

ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങും, ട്രെയിനിൽ കേരളത്തിലേക്ക്, ചില്ലറ വിൽപ്പന; തൃത്താല സ്വദേശി പിടിയിൽ

ckmnews




തൃത്താല : ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തി കേരളത്തിലെത്തിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. തൃത്താല ഉള്ളന്നൂര്‍ സ്വദേശി തടത്തില്‍ ശ്രീജിത്ത് (26)നെയാണ്  നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തികൊണ്ടു വന്ന 14 കിലോ കഞ്ചാവുമായി എടക്കര സ്വദേശി തെക്കര തൊടിക  മുഹമ്മദ് സ്വാലിഹിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സ്വാലിഹിനെ ചോദ്യം ചെയ്തതിൽ നിന്നാണ്  ശ്രീജിത്തിനായാണ് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.


കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ആണ് സ്വാലിഹ് പിടിയിലാകുന്നത്. സ്വാലിഹിനെ ചോദ്യം ചെയ്തതില്‍ ആന്ധ്രയില്‍ നിന്നും നേരിട്ട്  ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്നും ഇപ്പോള്‍ അറസ്റ്റിലായ  ശ്രീജിതിനു വേണ്ടിയാണ് കഞ്ചാവ് ഇറക്കുമതി ചെയ്തതെന്നും  മൊഴി നല്‍കിയിരുന്നു. സ്വാലിഹിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് നാടുവിട്ട പ്രതി ചെന്നൈയില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ശ്രീജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി എന്‍ ഡി പി എസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നാട്ടിലെത്തിയ പ്രതിയെ തൃത്താലയിലുള്ള ബന്ധുവീട്ടില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. 


ഈ കേസ്സില്‍ രണ്ട് മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ സ്വാലിഹ്  വീണ്ടും കഞ്ചാവു കടത്താന്‍ ശ്രമിക്കവെ 22 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട് ഇപ്പോള്‍ ആന്ധ്ര ജയിലില്‍ ആണുള്ളത്. സ്വാലിഹിന് കഞ്ചാവ് വാങ്ങുന്നതിന് ആവശ്യമായ പണം നല്‍കിയത് ശ്രീജിത്തായിരുന്നു. ഇരുവരും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്.  ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി   സുനില്‍  , അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്,  ജിയോ ജേക്കബ്, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത് .പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.