19 April 2024 Friday

സ്വവർഗ വിവാഹം: കേന്ദ്ര സർക്കാർ നിലപാടിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ckmnews


ദില്ലി : സ്വവർഗ വിവാഹത്തിൽ കേന്ദ്ര സർക്കാർ കൈകൊണ്ട നിലപാടിൽ വിമർശനവുമായി ചീഫ് ജസ്റ്റിസ്. സ്വവർഗ വിവാഹം എന്നത് നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ സങ്കൽപ്പമാണെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഇതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. സ്വവർഗ വിവാഹം നഗര പ്രഭുത്വത്തിൻ്റെ സങ്കൽപമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിൻ്റെ കൈയിൽ ഇല്ലെന്ന് കോടതി വിമർശിച്ചു. വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിൻ്റെ പേരിൽ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ലെന്നും സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയിൽ വാഖ്യാനിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 


സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരിക്കുകയാണ് കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദേശം നൽകി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം നിരീക്ഷിച്ചു. നേരത്തെ ഹർജികൾക്കെതിരെ കക്ഷി ചേരാൻ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 


എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമർപ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നിലപാട് അറിയിക്കാൻ അവസരം നൽകണം. നിയമ നിർമ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിത്. "വിവാഹം" കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാരുകളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സർക്കാർ പുതിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. 


സംസ്ഥാനങ്ങളുടെ നിലപാട് തേടിയത് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിഷയം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ എന്ന് കോടതി ചോദിച്ചു. അതേസമയം, കേന്ദ്ര നിയമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സംസ്ഥാനങ്ങളുടെ നിലപാട് തേടണ്ടേ കാര്യമില്ലെന്നും ഹർജിക്കാർ വാദിച്ചു. ലൈംഗിക ആഭിമുഖ്യം സ്വകാര്യതയുടെ പരിധിയിൽ വരുന്നതാണെന്നും ഹർജിക്കാർ പറയുന്നു.