24 April 2024 Wednesday

കനത്ത ചൂടില്‍ വലഞ്ഞ് രാജ്യം; ചുട്ടുപൊള്ളി ന​ഗരങ്ങൾ, ഉഷ്ണതരംഗ മുന്നറിയിപ്പ്‌

ckmnews

കനത്ത ചൂടില്‍ വലഞ്ഞ് രാജ്യം; ചുട്ടുപൊള്ളി ന​ഗരങ്ങൾ, ഉഷ്ണതരംഗ മുന്നറിയിപ്പ്‌


ഡല്‍ഹി: രാജ്യത്ത് കനത്ത ചൂട്. നട്ടം തിരിഞ്ഞ് ജനം. രാജ്യത്തെ പ്രധാന നഗരങ്ങളടക്കം പലയിടങ്ങളിലും റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. പലയിടത്തും താപനില 44 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് പോലും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലും പ്രയാഗ് രാജിലും 44.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ പ്രാഥമിക വെതര്‍ സ്റ്റേഷനായ സഫ്ദര്‍ജംഗ് ഓബ്‌സര്‍വേറ്ററിയില്‍ 40.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സാധാരണ താപനിലയേക്കാള്‍ നാല് ഡിഗ്രി അധികം ചൂടാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സഫ്ദര്‍ജംഗില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ തുടരുന്നത്.


സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുസ, പിതാംപുര തുടങ്ങിയ പ്രദേശങ്ങളില്‍ ഉഷ്ണ തരംഗത്തിന് സമാനമായ അവസ്ഥയാണ് അനുഭവപ്പെടുന്നത്. 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇവിടുത്തെ താപനില. മേഘാവൃതമായ കാലാവസ്ഥയും ചെറിയ മഴയും ബുധനാഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂടിന് അല്‍പ്പം ആശ്വാസം ലഭിച്ചേക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് സാധാരണയിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ഉഷ്ണ തരംഗവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. പട്‌ന, ബങ്ക, നവാഡ, ഔറംഗബാദ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ണ തരംഗ സാധ്യതയും കൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ്. ബെഗുസരായ്, നളന്ദ, ഗയ, ആര്‍വാള്‍,ഭോജ്പൂപര്‍, ബക്‌സര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണെമന്നും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കശ്മീരിലെ ഉയന്ന പ്രദേശങ്ങളില്‍ ചിലയിടത്ത് മഞ്ഞുവീഴ്ച അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം ശ്രീനഗര്‍ അടക്കമുളള പ്രദേശങ്ങളില്‍ മഴയും ലഭിച്ചിട്ടുണ്ട്.