29 March 2024 Friday

ഇരട്ട ഗോളുകളുമായി സലായും ജോട്ടയും; ലിവർപൂളിന് ഗംഭീര വിജയം

ckmnews

ഇരട്ട ഗോളുകളുമായി സലായും ജോട്ടയും; ലിവർപൂളിന് ഗംഭീര വിജയം


ഇംഗ്ലൂഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ലിവർപൂളിന് ഗംഭീര വിജയം. ലീഡ്‌സിന്റെ ഹോം മൈതാനമായ എലാൻഡ് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ചെമ്പടയുടെ വിജയം. ലിവർപൂളിനായി കോഡി ഗാക്പോ, മുഹമ്മദ് സലാഹ്, ഡിയാഗോ ജോട്ട, ഡാർവിൻ ന്യുനെസ്‌ എന്നിവരാണ് ഗോളുകൾ നേടിയത്. ലീഡ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് ലൂയിസ് സിൻസ്റ്ററായാണ്. ഇന്നലെ വിജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ എട്ടാമതാണ് ലിവർപൂൾ. 30 മത്സരങ്ങളിൽ നിന്ന് 13 ജയവുമായി 47 പോയിന്റുകളാണ് ലിവർപൂളിനുള്ളത്.

അഞ്ച് മത്സരങ്ങളിൽ ഒരിക്കൽ പോലും വിജയിക്കാൻ കഴിയാതെയാണ് ലിവർപൂൾ ലീഡ്‌സിന് എതിരായ മത്സരത്തിന് ഇറങ്ങിയത്. ഏതു വിധേനെയെങ്കിലും വിജയം നേടി ലീഗിലേക്ക് തിരികെ വരുക എന്ന ലക്ഷ്യമായിരുന്നു ക്ലബിനുണ്ടായിരുന്നത്. മോശം ഫോമിലൂടെ കടന്നു പോകുന്ന ലീഡ്സ് യൂണൈറ്റഡിനെതിരെ വിജയിക്കാൻ സാധിക്കുമെന്ന ലിവർപൂളിന്റെ ആത്മവിശ്വാസം ഫലപ്രദമാകുന്നതാണ് മത്സരത്തിൽ കണ്ടത്. 35 ആം മിനുട്ടിൽ അലക്സാണ്ടർ അർണോൾഡ് നൽകിയ പന്ത് ലക്ഷ്യത്തിൽ എത്തിച്ച് ഗാക്പോയായിരുന്നു ചെമ്പടക്ക് ലീഡ് നൽകിയത്. ആദ്യ ഗോൾ പിറന്നതിന്റെ ആവേശം അടങ്ങുന്നതിന് മുൻപ് സലാഹ് ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ബോക്സിന്റെ മുന്നിൽ നിന്ന് ലഭിച്ച പന്ത് ഡിയാഗോ ജോട്ട സലായുടെ കാലുകളിലേക്ക് നൽകുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സിൻസ്റ്ററുടെ കാലുകളിൽ നിന്ന് ലീഡ്‌സിന്റെ എക ഗോൾ വന്നത്.

തുടർന്ന് 52ആം മിനുട്ടിലും 73 ആം മിനുട്ടിലും ഡിയഗോ ജോട്ട ഗോൾ നേടി. 64 ആം മിനുട്ടിൽ ഗാക്പോയുടെ പാസിൽ ഇന്നത്തെ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ താരം കുറിച്ചത് ചരിത്രമായിരുന്നു. പ്രീമിയർ ലീഗിൽ ഇടം കാൽ കൊണ്ട് ഏറ്റവും അധികം ഗോളുകൾ നേടുന്ന താരമായി സലാഹ് മാറി. മത്സരം അവസാനിക്കുന്നതിന് മിനുട്ടുകൾ ബാക്കി നിൽക്കെ ഡാർവിൻ ന്യുനസ് ടീമിന്റെ ആറാം ഗോൾ നേടി. തരം താഴ്ത്തൽ ഭീഷണിയിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം