19 April 2024 Friday

സുഡാനില്‍ കലാപം അതിരൂക്ഷം: യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാപതി ആക്രമിക്കപ്പെട്ടു

ckmnews

സുഡാനില്‍ കലാപം അതിരൂക്ഷം: യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാപതി ആക്രമിക്കപ്പെട്ടു


ഖാർത്തും∙ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാപതി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നും പരുക്ക് ഗുരുതരമല്ലെന്നും യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു. നാല് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ 180ൽ പരം ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) കണക്ക്. പരുക്കേറ്റവരുടെ എണ്ണം 1800 കവിഞ്ഞു.


പ്രശ്നം ചര്‍ച്ചചെയ്യാന്‍ യുഎന്‍ അടിയന്തര യോഗം ചേര്‍ന്നു. ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. സ്കൂളുകളിലും ഓഫിസുകളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് കലാപകാരികളോട് ആവശ്യപ്പെട്ടു.



അതേസമയം യുദ്ധത്തിലേര്‍പ്പെട്ട അർധസൈനിക വിഭാഗമായ ആര്‍എസ്എഫിനെ രാജ്യവിരുദ്ധ സംഘടനയായി സൈനിക മേധാവി പ്രഖ്യാപിച്ചു. അട്ടിമറി ശ്രമം നടത്തിയെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നും ആരോപിച്ചാണ് സൈനിക മേധാവി ആര്‍എസ്എഫിനെ നിരോധിച്ചത്. നിരോധന ഉത്തരവിറക്കിയത്. ആര്‍എസ്എഫ് മേധാവി ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയെ ജീവനോടെ പിടികൂടിയാല്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും സൈനിക മേധാവി ജനറല്‍ അബ്ദെല്‍ ഫത്ത അല്‍ ബുര്‍ഹാന്‍ പറഞ്ഞു.