25 April 2024 Thursday

പൊന്നാനി നിളയോര പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ധാരണ

ckmnews

പൊന്നാനി നിളയോര പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ധാരണ


പൊന്നാനി നിളയോര പാതയിൽ അടിയന്തര നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പി.നന്ദകുമാർ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ഹാർബർ പാലം തുറന്ന് കൊടുത്താൽ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിയന്ത്രണം. കൂടാതെ അടുത്തിടെ നിരവധി പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെടുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എൽ.എ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേർത്തത്. യാത്രാ വാഹനങ്ങളല്ലാത്ത മുഴുവൻ ചരക്ക് വാഹനങ്ങൾക്കും നിളയോര പാതയിൽ പ്രവേശനം നിരോധിക്കാൻ യോഗത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കൂടാതെ ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും.


വാഹനങ്ങൾക്ക് നിളയോര പാതയിൽ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദർശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം പരിഗണിച്ച് അത്തരം സാഹചര്യങ്ങളിൽ മാത്രം കൂടുതൽ പോലീസ് സേനയെ ആവശ്യപ്പെടാനും ധാരണയായി. കൂടാതെ ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ്, എക്‌സൈസ് വകുപ്പുകൾക്ക് നിർദേശം നൽകി. ടൂറിസം റോഡിൽ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും നിർദേശിച്ചു. പുതിയ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന അടുത്ത ദിവസം തന്നെ നടത്തും. കൂടാതെ നിളയോര പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നഗരസഭ, റവന്യു വകുപ്പുകളോട് സംയുക്ത പരിശോധന നടത്താൻ നിർദേശിച്ചു.


പൊന്നാനി നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി എസ്.സജിറൂൻ, പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വലിയാറ്റൂർ, പൊന്നാനി പോലീസ് പ്രതിനിധി അയ്യപ്പൻ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ജോമോൻ തോമസ്, താലൂക്ക് ഓഫീസ് പ്രതിനിധി കെ.കെ ഗോപാല കൃഷ്ണൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മുരുകൻ എസ് തുടങ്ങിയവർ പങ്കെടുത്തു.