23 April 2024 Tuesday

പരിശുദ്ധ റമളാനിലെ ഇരുപത്തിഏഴാം രാവ് ഇന്ന്

ckmnews

പരിശുദ്ധ റമളാനിലെ ഇരുപത്തിഏഴാം രാവ് ഇന്ന് 


ഇരുപത്തിയഞ്ച് രാപകലുകളായി തുടരുന്ന പ്രാര്‍ഥനകളും സത്കര്‍മങ്ങളും ഇന്ന് ഉച്ചിയിലെത്തും.റംസാനിലെ ഏറ്റവും പുണ്യം നിറഞ്ഞതെന്നു കരുതുന്ന 27ാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് വിശ്വാസികള്‍.ലൈലത്തുല്‍ ഖദ്റ്! (വിധി നിര്‍ണയരാവ്) ആകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന സമയമാണ് റംസാന്‍ 27ാം രാവ്. അതിന് ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്.പള്ളികളും വീടുകളും ഈ രാത്രി പ്രാര്‍ഥനകളുടെ നൈര്‍മല്യത്താല്‍ നിറയും. ജീവിതത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പാപമോചനം തേടാനായിരിക്കും ഓരോ വിശ്വാസിയുടെയും ശ്രമം.അതുവഴി സ്വര്‍ഗം ഉറപ്പിക്കുകയാണ് ലക്ഷ്യം. 

റംസാനിലെ വിശുദ്ധരാവിനെ വരവേല്‍ക്കാന്‍ പള്ളികളെല്ലാം ഒരുങ്ങിയിട്ടുണ്ട്.മിക്കപള്ളികളിലും തിങ്കളാഴ്ചത്തെ നോമ്പുതുറയ്ക്ക് വിപുലമായ ഒരുക്കങ്ങളുണ്ട്.നോമ്പുതുറയും തറാവീഹ് നമസ്‌കാരവും കഴിഞ്ഞ് പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി ധാരാളം വിശ്വാസികള്‍ പള്ളിയില്‍തന്നെ രാപ്പാര്‍ക്കും.ചിലയിടങ്ങളില്‍ രാത്രി പ്രാര്‍ഥനാസംഗമങ്ങളുമുണ്ട്. പൂര്‍വികരുടെ കബര്‍സന്ദര്‍ശനം,സക്കാത്ത് വിതരണം എന്നിവയുമുണ്ടാകും.ഇരുപത്തിയേഴാംരാവ് വിടപറയുന്നതോടെ വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാവും.