19 April 2024 Friday

9 മണിക്കൂർ, 56 ചോദ്യം, വിട്ടയച്ച് സിബിഐ; തെളിവില്ല, കേസ് വ്യാജമെന്ന് കേജ്‍രിവാൾ

ckmnews

9 മണിക്കൂർ, 56 ചോദ്യം, വിട്ടയച്ച് സിബിഐ; തെളിവില്ല, കേസ് വ്യാജമെന്ന് കേജ്‍രിവാൾ


ന്യൂഡൽഹി:മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെ സിബി‌ഐ 9 മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. 56 ചോദ്യങ്ങളാണു സിബിഐ ചോദിച്ചതെന്നും എല്ലാം വ്യാജമാണെന്നും കേജ്‌രിവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേസ് വ്യാജമാണ്, എഎപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു നീക്കം, തനിക്കെതിരെ ഒരു തെളിവുമില്ലെന്നും കേജ്‍രിവാൾ ചൂണ്ടിക്കാട്ടി.


രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കേജ്‌‌രിവാൾ സിബിഐക്ക് മുന്‍പാകെ എത്തിയത്. അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ബിജെപി ശ്രമം ഫലം കാണില്ലെന്ന് കേ‌ജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ ഭഗവന്ത് മാനും എഎപി എംപിമാരും മന്ത്രിമാരും കേജ്‌‌രിവാളിനെ വസതിയിൽ എത്തി പിന്തുണ അറിയിച്ചിരുന്നു. നേതാക്കളുമായി ചെറിയൊരു കൂടിയാലോചനയ്ക്കു ശേഷമാണു കേജ്‌‌രിവാൾ വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയത്.



ഡൽഹി ഐടിഒയിലും കശ്മീരി ഗേററ്റിലും സിംഘു അതിർത്തിയിലും പ്രകടനമായി നീങ്ങാൻ ശ്രമിച്ച എഎപി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച ഏകദിന നിയമസഭാ സമ്മേളനം നടത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ലഫ്. ഗവർണർ അനുമതി നൽകിയില്ല. ചോദ്യം ചെയ്യലിന്റെ ഭാഗമായി നഗരത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്