20 April 2024 Saturday

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി

ckmnews

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി


നവി മുംബൈ:മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ നവി മുംബൈയില്‍ കൊടുംചൂടില്‍ തുറസായ സ്ഥലത്ത് ഇരുന്ന 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നവിസും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 11.30-ന് ആരംഭിച്ച് പരിപാടി ഒരു മണി വരെ തുടര്‍ന്നു. 

സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.