20 April 2024 Saturday

ദേശീയ പാര്‍ട്ടി പദവി കൈവിടാതെ നോക്കാൻ സിപിഎം; കര്‍ണാടകയില്‍ ജെഡിഎസുമായി ധാരണ

ckmnews

ദേശീയ പാര്‍ട്ടി പദവി കൈവിടാതെ നോക്കാൻ സിപിഎം; കര്‍ണാടകയില്‍ ജെഡിഎസുമായി ധാരണ


ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാനും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും ജെഡിഎസ് – സിപിഎം ധാരണ. സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബാഗേപള്ളിയില്‍ ജെഡിഎസ് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കും. സിപിഎം നേതാക്കള്‍ ദേവെഗൗഡ, കുമാരസ്വമി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കേരള, തമിഴ്നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്ത് നാലാമതൊരു സംസ്ഥാനത്ത് ജനപ്രതിനിധിയുണ്ടായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോലും ചോദ്യം ചെയ്യപ്പെടാമെന്ന സാഹചര്യത്തിലാണു സിപിഎമ്മിന്റെ തന്ത്രപരമായ നീക്കം.


കന്ന‍ഡ മണ്ണില്‍ അല്‍പമെങ്കിലും ചെങ്കൊടി പാറുന്നത് ആന്ധ്രപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മണ്ഡലമായ ബാഗേപള്ളിയിലാണ്. കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുന്ന, കര്‍ഷക തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി.ശ്രീരാമ റെഡ്ഡി ജെഡിഎസിനേയും ബിജെപിയേയുമാണു പിന്നിലാക്കിയത്. 1994ലും 2004ലും ഇവിടെ നിന്നുള്ള എംഎല്‍എയായിരുന്നു റെഡ്ഡി. 65710 വോട്ടുകളാണു കഴിഞ്ഞ തവണ ലഭിച്ചത്. ജെഡിഎസ് സ്ഥാനാര്‍ഥി ഡോക്ടര്‍ സി.ആർ. മനോഹറിനു 38302 വോട്ടും കിട്ടി. ഇവ രണ്ടും ചേര്‍ന്നാല്‍ 14013 വോട്ടിന്റെ ഭൂരിപക്ഷമുളള കോണ്‍ഗ്രസിനെ അട്ടിമറിക്കാമെന്നാണ് കണക്കുകൂട്ടല്‍.



തെലങ്കാനയിൽ ഭാരത് രാഷ്ട്രസമിതിയുമായും (ബിആർഎസ്) ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസുമായും ഒന്നിച്ചുപോകാന്‍ തീരുമാനിച്ച ജെഡിഎസ് മൂന്നാം മുന്നണി ലക്ഷ്യം വച്ചാണു തിര‍ഞ്ഞെടുപ്പ് നീക്കുപോക്കിനു തയാറായത്. എല്‍ഡിഎഫില്‍ നില്‍ക്കുന്ന കേരള ഘടകവും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.