23 April 2024 Tuesday

ചിന്നക്കനാലില്‍ ഭീതിപരത്തി ചക്കക്കൊമ്പനും; രാത്രി റിസോര്‍ട്ടില്‍ക്കയറി, ഗെയ്റ്റ് തള്ളിത്തുറന്നു

ckmnews

ചിന്നക്കനാലില്‍ ഭീതിപരത്തി ചക്കക്കൊമ്പനും; രാത്രി റിസോര്‍ട്ടില്‍ക്കയറി, ഗെയ്റ്റ് തള്ളിത്തുറന്നു


ഇടുക്കി: നാട്ടുകാർക്ക് ശല്യമായി മാറിയ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റും എന്ന അനിശ്ചിതത്വം തുടരുന്നതിനിടെ ഭീതി പരത്തി ചക്കക്കൊമ്പനും. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസം രാത്രി ചക്കക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി. സൂര്യനെല്ലിയിലെ എക്കോ ക്യാമ്പ് എന്ന സ്വകാര്യ റിസോർട്ടിൽ കയറി. എന്നാൽ നാശനഷ്ടങ്ങളൊന്നും വരുത്താതെ മടങ്ങിപ്പോയത് തത്കാലം വലിയ ആശ്വാസമായി.


രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ടൂറിസ്റ്റുകൾ ടെന്റടിച്ച് താമസിക്കുന്ന റിസോർട്ടാണ് എക്കോ ക്യാമ്പ്. ഇത്തരത്തിൽ ആളുകൾ താമസിക്കുന്നതിനിടെയാണ് ചക്കക്കൊമ്പൻ ഇവിടെയെത്തിയത്. ഗെയ്റ്റ് തള്ളിത്തുറന്നാണ് ആന റിസോർട്ടിൽനിന്ന് പുറത്തേക്കിറങ്ങിയത്. പിന്നീട് ചിന്നക്കനാൽ ഭാഗത്തേക്ക് പ്രധാന പാതയിലൂടെ ആന സഞ്ചരിച്ചു.


ആന സഞ്ചരിക്കുന്നയിടങ്ങളിലെല്ലാം ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. എന്നാൽ ഇവയൊന്നും ആന അക്രമിച്ചില്ല. തുടർന്ന് കാട്ടിലേക്കു തന്നെ ആന തിരികെപ്പോയി.


അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതി ആവശ്യപ്പെട്ടതു പ്രകാരം അരിക്കൊമ്പനെ മാറ്റാൻ സ്ഥലം അന്വേഷിച്ചെങ്കിലും ഇതുവരെ ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണ് വിഷയത്തിലെ പ്രയാസമറിയിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.