29 March 2024 Friday

35 സീറ്റ് പിടിക്കണം; 2025നുശേഷം മമത സർക്കാർ ഉണ്ടാവില്ല: ബംഗാള്‍ പിടിക്കാൻ അമിത് ഷാ തന്ത്രം

ckmnews

35 സീറ്റ് പിടിക്കണം; 2025നുശേഷം മമത സർക്കാർ ഉണ്ടാവില്ല: ബംഗാള്‍ പിടിക്കാൻ അമിത് ഷാ തന്ത്രം


കൊൽക്കത്ത∙ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽനിന്ന് ആകെയുള്ള 42ൽ 35 സീറ്റുകളും പിടിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ആ ലക്ഷ്യം സാധൂകരിച്ചാൽ 2025ന് അപ്പുറം മമത ബാനർജിയുടെ സർക്കാർ സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ തൂത്തെറിഞ്ഞ് സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾക്ക് കളമൊരുക്കാനായാണ് അമിത് ഈ ലക്ഷ്യം മുന്നോട്ടുവച്ചത്.


2024ൽ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയ അമിത് ഷാ, മമതയെപ്പോലുള്ള നേതാക്കന്മാർക്ക് ഒരിക്കലും പാക്കിസ്ഥാന് ശക്തമായ മറുപടി നൽകാനോ കശ്മീരിലെ വിഘടനവാദത്തിനെതിരെ പോരാടാനോ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ 77 സീറ്റ് നൽകി ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം നൽകി. ഇനി 35 ലോക്സഭാ സീറ്റ് കൂടി ഞങ്ങൾക്കു നൽകൂ. അഴിമതിക്കാരായ ടിഎംസി സർക്കാർ 2025ന് അപ്പുറം നിലനിൽക്കില്ലെന്ന് ഞാൻ ഉറപ്പു പറയുന്നു’’ – ബിർഭും ജില്ലയിലെ സൂരിയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



അതേസമയം, ഷായുടെ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് അതിശക്തമായി രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പറയാൻ ഒരു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നാണ് തൃണമൂലിന്റെ ചോദ്യം.


2026ലാണ് മമത സർക്കാരിന്റെ കാലാവധി അവസാനിക്കുക. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകൾ ബിജെപിക്ക് നേടാനായിരുന്നു.


പിന്നീട് കൊൽക്കത്തയിലെ ദക്ഷിണകാളീശ്വർ കാളി ക്ഷേത്ര സന്ദർശനത്തിനുശേഷവും സൂരിയിൽ പറഞ്ഞ പ്രസ്താവനയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം ആവർത്തിച്ചത്. ‘‘മോദിക്കു മാത്രമേ പല ദേശീയ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും. അഴിമതിക്കാരായ ടിഎംസിക്കെതിരെ പോരാടാനും അവരെ പരാജയപ്പെടുത്താനും ബിജെപിക്കു മാത്രമേ സാധിക്കൂ. മമത സർക്കാരിനു കീഴിൽ ബംഗാൾ ബോംബ് നിർമാണ ഫാക്ടറികളുടെ ഹബ് ആയി മാറി’’ – അദ്ദേഹം വ്യക്തമാക്കി.