19 April 2024 Friday

കനത്ത ചൂട്‌ തുടരുന്നു:പാലക്കാട്ട്‌ രണ്ടാംദിവസവും 40 ഡിഗ്രിക്ക് മുകളിൽ

ckmnews

കനത്ത ചൂട്‌ തുടരുന്നു:പാലക്കാട്ട്‌ രണ്ടാംദിവസവും 40 ഡിഗ്രിക്ക് മുകളിൽ


തിരുവനന്തപുരം സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരുന്നു. തൃശൂർ, പാലക്കാട്‌, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്‌ കൂടുതൽ ചൂട്‌. പാലക്കാട്ട്‌ തുടർച്ചയായ രണ്ടാംദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച 40.1 ഡിഗ്രിയാണ്‌. തൃശൂർ വെള്ളാനിക്കരയിൽ 37.8, പുനലൂരിൽ 37.4, കോട്ടയത്ത്‌ 37 ഡിഗ്രി താപനില രേഖപ്പെടുത്തി. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് മാപിനികളിൽ പാലക്കാട്‌ മലമ്പുഴ ഡാമിലും മംഗലം ഡാമിലും 42 ഡിഗ്രി രേഖപ്പെടുത്തി. തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ 10 സ്‌റ്റേഷനിൽ 40നു മുകളിലാണ്‌. ഇത്‌ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും ചൂട്‌ തുടരാനാണ്‌ സാധ്യതയെന്നും വേനൽ മഴ മാറിനിൽക്കുന്നതിനാലാണ് ഇതെന്നും കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌. പകൽ 11  മുതൽ മൂന്നുവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി വെള്ളം കുടിക്കണം. ശനിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു