29 March 2024 Friday

2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി പിറന്നു, തകര്‍ത്തടിച്ച് ഹാരി ബ്രൂക്ക്

ckmnews

2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി പിറന്നു, തകര്‍ത്തടിച്ച് ഹാരി ബ്രൂക്ക്


കൊൽക്കത്ത: 2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലൂടെയാണ് ബ്രൂക്ക് സെഞ്ചുറി നേടിയത്.


ടോസ് നേടി ബാറ്റിങ് ആരംഭിച്ച സൺറൈസേഴ്സിനായി ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് പുറത്താവാതെ 55 പന്തുകളിൽ നിന്ന് 100 റൺസെടുത്തു. 12 ഫോറും മൂന്ന് സിക്സുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ബ്രൂക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ സൺറൈസേഴ്സ് കൊൽക്കത്തയ്ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് അടിച്ചെടുത്തത്.


ബ്രൂക്കിന്റെ ആദ്യ ഐ.പി.എൽ സെഞ്ചുറിയാണിത്. ഇതുവരെ താളം കണ്ടെത്താതിരുന്ന താരം ആ പോരായ്മകളെല്ലാം ഈ മത്സരത്തിലൂടെ നികത്തി. ആദ്യ പന്ത് മുതൽ അവസാന പന്തുവരെ ക്രീസിൽ നിന്ന് പൊരുതിയ ബ്രൂക്ക് പേസർമാരെയാണ് കടന്നാക്രമിച്ചത്. 100-ൽ 66 റൺസും പേസർമാരുടെ പന്തിലാണ് ബ്രൂക്ക് അടിച്ചെടുത്തത്.കഴിഞ്ഞ നാലുമാസത്തിനിടെ ബ്രൂക്ക് നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ബാക്കിയുള്ള നാല് സെഞ്ചുറികളും താരം ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ് നേടിയത്.