18 April 2024 Thursday

തിയറ്ററുകളില്‍ സൂപ്പര്‍ താരങ്ങളില്ലാത്ത വിഷു; മലയാളത്തില്‍ നിന്ന് എത്തുക ഈ 6 സിനിമകള്‍

ckmnews



ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് ഇതില്‍ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങള്‍.


രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നര്‍ ആണ്.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. 

അന്നു ആന്‍റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത മേഡ് ഇന്‍ കാരവാന്‍, കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന്‍ സംവിധാനം ചെയ്ത ഉപ്പുമാവ്, കാര്‍ത്തിക് രാമകൃഷ്ണന്‍, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത താരം തീര്‍ത്ത കൂടാരം, പി എം തോമസുകുട്ടി സംവിധാനം ചെയ്ത ഉസ്കൂള്‍ എന്നിവയാണ് ഇക്കുറി മലയാളത്തിലെ മറ്റ് വിഷു റിലീസുകള്‍. ആറ് ചിത്രങ്ങളും വിഷുദിന തലേന്നായ ഏപ്രില്‍ 14 നാണ് തിയറ്ററുകളില്‍ എത്തുക.