25 April 2024 Thursday

ഏപ്രില്‍ 20ന് ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം മായും, ഇനി വേണമെങ്കില്‍ പണം നല്‍കണം; ട്വീറ്റുമായി മസ്‌ക്

ckmnews


ഈ മാസം 20-ാം തിയതിയോടെ ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍ നല്‍കി വരുന്ന അടയാളമാണ് നീല നിറത്തിലുള്ള ശരി അടയാളം. അക്കൗണ്ട് വെരിഫൈ ചെയ്ത് ബ്ലൂ ടിക്ക് നേടാന്‍ ഇനി മുതല്‍ ട്വിറ്ററിന് പണം നല്‍കണമെന്നാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത്

ട്വിറ്റര്‍ ബ്ലൂവില്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ അക്കൗണ്ടില്‍ മാത്രമായിരിക്കും ഏപ്രില്‍ 20 മുതല്‍ ബ്ലൂ ടിക്ക് കാണുക. ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ മാസം 11 ഡോളര്‍ അഥവാ 900 ഇന്ത്യന്‍ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക.

ട്വിറ്റര്‍ ബ്ലൂ സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നീല ചെക്ക്മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും.

ഇലോണ്‍ മസ്‌ക് തലപ്പത്ത് വന്നതില്‍ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റര്‍ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയില്‍ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തില്‍ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.


ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയിരുന്നു. ഓഫീസിലേക്ക് വരുന്നില്ലെങ്കില്‍ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്‌ക് ട്വിറ്റര്‍ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ പറഞ്ഞത്. ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണം. ഉടന്‍ കൂടുതല്‍ പണം സമാഹരിച്ചില്ലെങ്കില്‍ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനിടെ ചില മുതിര്‍ന്ന ജീവനക്കാര്‍ രാജിവച്ചു എന്നാണ് വിവരം. മസ്‌കിന്റെ പുതിയ ലീഡര്‍ഷിപ്പ് ടീമില്‍ പെട്ട യോല്‍ റോത്ത്, റോബിന്‍ വീലര്‍ എന്നിവര്‍ കമ്പനി വിട്ടു.