29 March 2024 Friday

യോഗ്യന്‍ തന്നെയെന്ന് മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍; വയനാട് രാഹുലിനൊരുക്കിയത് ഗംഭീര വരവേല്‍പ്പ്‌

ckmnews


എം പി സ്ഥാനത്തുനിന്ന് അയോ​ഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ​ഗാന്ധി ആദ്യമായി എത്തിയപ്പോൾ വയനാട്ടിൽ അലയടിച്ചത് പ്രവർത്തകരുടെ ആവേശക്കടൽ. പ്രിയങ്കാ ​ഗാന്ധിയ്ക്കൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുലെത്തിയത്. രാഹുലിന് അഭിവാദ്യമർപ്പിച്ചും രാഹുലിന് അനുകൂലമായ പ്ലക്കാർഡുകളുയർത്തിയും കോൺ​ഗ്രസ് പ്രവർത്തകർ പ്രൗഢ​ഗംഭീരമായ വരവേൽപ്പാണ് രാഹുലിന് നൽകിയത്.

പതിനായിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാൻ തടിച്ചുകൂടിയത്. കൽപ്പറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാണ് രാഹുൽ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിച്ചത്. ഇതേത്തുടർന്ന് പൊതുസമ്മേളനവും നടക്കും. തുറന്ന വാഹനത്തിൽ കയറി രാഹുലും പ്രിയങ്കയും ആവേശത്താൽ മുദ്രാവാക്യം വിളിയ്ക്കുന്ന കോൺ​ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. റോഡ് ഷോയിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. സത്യമേവ ജയതേ എന്ന പേരിലാണ് റോഡ് ഷോ സംഘടിപ്പിക്കപ്പെട്ടത്. റോഡ്‌ ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും. രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.