19 April 2024 Friday

കോൺ​ഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചു

ckmnews


അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചു. 62കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 12 മണിക്ക് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചത് അറിയിച്ചത്.

2010 നവംബറിലാണ് കിരണ്‍ കുമാര്‍ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. 2014 മാര്‍ച്ച് മാസത്തിൽ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം രാജിവയ്ക്കുച്ചത്. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വേണ്ട തരത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് മാസം 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തുനൽകിയിരുന്നു. ഇതിന് മുമ്പ് 2014ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു അദ്ദേഹം ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചത്.