19 April 2024 Friday

'കൈ'വിട്ടു; എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

ckmnews


ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യൽ മീഡിയ കൺവീനറുമായ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനിൽ ആന്റണി കണ്ടിരുന്നു.


മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ട അനിൽ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് പാർട്ടി വിടുകയും ചെയ്തു. അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും അനിൽ ആന്റണി പുകഴ്ത്തുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി പരിഹസിച്ചതിന് പിന്നാലെ സവർക്കറെ പിന്തുണച്ചും അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് അനിൽ ആന്റണി ഔദ്യോഗിക പ്രവേശം നേടിയിരിക്കുന്നത്.