19 April 2024 Friday

നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ; അമിത രക്തസ്രാവത്തോടെ ആശുപത്രിയിലായ യുവതിയ്ക്കെതിരെ കേസ്

ckmnews



പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കെതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധനയിൽ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായിട്ടുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.


അനക്കമില്ലെന്നു കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതി ഐസിയുവിൽ ചികിത്സയിലാണ്. കുഞ്ഞിനെ പൊലീസ് ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കുഞ്ഞ് ആരോഗ്യവാനാണ്.കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിക്ക് പരിചരണവും ചികിത്സയും നൽകും.