25 April 2024 Thursday

അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്

ckmnews



അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് പട്ടികജാതി–വർഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ്‌ കുമാറാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേസിന്റെ അന്തിമവാദം മാർച്ച് 10 നു പൂർത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.


സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. 2022 ഏപ്രില്‍ 28 നാണ്‌ മണ്ണാര്‍ക്കാട്‌ എസ്‌.സി.എസ്‌.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്‌. 16 പ്രതികളാണ് കേസിൽ ഉള്ളത്. 127 സാക്ഷികളിൽ 24 പേർ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.


സാക്ഷി വിസ്‌താരം തുടങ്ങി പതിനൊന്ന്‌ മാസംകൊണ്ട്‌ 185 സിറ്റിങ്ങോടെയാണ്‌ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്‌. 2018 ഫെബ്രുവരി 22 നാണ്‌ അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത്‌ വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന്‌ പൊലീസ്‌ വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്‌. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.