സംസ്ഥാനത്തൊരിടത്തും ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല,ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് തുറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാളി

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് തുറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാളി. ഒരിടത്തും ഇന്ന് ടെസ്റ്റ് നടന്നില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് ടെസ്റ്റുകള്‍ നടത്തുന്നത് സംബന്ധിച്ച് ട്രാന്‍സ്പോര്ട്ട് കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധി. എന്നാല്‍ നടപടികള്‍ വൈകിപ്പിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയെ സഹായിക്കാനെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആരോപണം.ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് ചട്ടം പാലിച്ച് തുടങ്ങിയെങ്കിലും കേരളത്തില്‍ നടപടികള്‍ വൈകി. തിരുവോണ ദിവസം പട്ടിണിസമരം നടത്തി ഡ്രൈവിംഗ് സ്കൂളുകള്‍ പ്രതിഷേധമറിയിച്ചു. നടപടി വൈകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂളുകളും ടെസ്റ്റുകളും തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. ഗതാഗത സെക്രട്ടറി ഉത്തരവുമിറക്കി. എന്നിട്ടും സംസ്ഥാനത്തൊരിടത്തും ഇന്ന് ടെസ്റ്റ് നടന്നില്ല. ആള്‍ക്കൂട്ടമൊഴിവാക്കി ടെസ്റ്റുകള്‍ നടത്തുന്നത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് ടെസ്റ്റുകള്‍ വൈകാന്‍ കാരണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥലത്തില്ലെന്നും എത്തിയാലുടന്‍ ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നടപടികള്‍ വൈകുന്നതിന് പിന്നില്‍ വലിയ ദുരൂഹത ഉണ്ടെന്ന് ഡ്രൈവിംഗ് സ്കൂളുകള്‍ ആരോപിക്കുന്നു. പുതിയ ലൈസന്‍സ് പ്രിന്‍റിംഗ് അടക്കമുളള കാര്യങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുളള നീക്കത്തിന് പിന്നാലെ ഡ്രൈവിംഗ് ടെസ്റ്റിംഗ് രംഗത്തും ഇതേ ഏജന്‍സിയെ കൊണ്ടുവരാനാണ് നീക്കം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗതാഗത വകുപ്പിനു വേണ്ടി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ച ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകളുടെ ഉദ്ഗാടനം സംബന്ധിച്ച് പുറത്തിറക്കിയ വീഡിയോ ഇതിന് തെളിവെന്നും ഇവര്‍ ആരോപിക്കുന്നു. കേന്ദ്ര റോഡ് സുരക്ഷാ ബില്ലിന്‍റെ മറവിലാണ് ഈ നീക്കമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിര്‍മാണ കരാര്‍ മാത്രമാണ് ചെയ്തതെന്നും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.