29 March 2024 Friday

കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ പഞ്ചാബ് കിംഗ്സിന് വിജയം

ckmnews

കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ പഞ്ചാബ് കിംഗ്സിന്  വിജയം 


മൊഹാലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏഴ് റണ്‍സ് ജയം. മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് പഞ്ചാബ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16 ഓവറില്‍ ഏഴിന് 146 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.


മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. 4.2 ഓവറില്‍ അവര്‍ മൂന്നിന് 29 എന്ന നിലയിലേക്ക് വീണു. മന്‍ദീപ് സിംഗ് (2), അനുകൂല്‍ റോയ് (4), റഹ്മാനുള്ള ഗുര്‍ബാസ് (22) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന വെങ്കടേഷ് അയ്യര്‍ (34)- നിതീഷ് റാണ (24) സഖ്യം കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റന്‍ റാണയെ പുറത്താക്കി സിക്കന്ദര്‍ റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. റിങ്കു സിംഗിനും (4) തിളങ്ങാനായില്ല. ഇതോടെ 10.1 ഓവറില്‍ ആറിന് 80 എന്ന നിലയിലായി കൊല്‍ക്കത്ത. 


ആന്ദ്രേ റസ്സല്‍ (35) ്ക്രീസിലെത്തിയതോടെ റണ്‍സുയര്‍ന്നു. വെങ്കടേഷിനൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ റസ്സലിനായി. ഇരുവരും ക്രീസില്‍ നില്‍ക്കുമ്പോള്‍ വിജയപ്രതീഷയുണ്ടായിരുന്നു കൊല്‍ക്കത്തയ്ത്ത്. സാം കറന്റെ പന്തില്‍ റസ്സല്‍ മടങ്ങിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു. വൈകാതെ വെങ്കടേഷ് ആര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ പുറത്തായി. ഷാര്‍ദൂല്‍ ഠാക്കൂറും (പന്തില്‍ 8), സുനില്‍ നരെയ്‌നും (രണ്ട് പന്തില്‍ 7) ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഇതോടെ കൊല്‍ക്കത്തയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. 24 പന്തില്‍ 52 റണ്‍സ് വേണമായിരുന്നു അപ്പോഴവര്‍ക്ക് ജയിക്കാന്‍. 


നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭാനുക രാജപക്‌സെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 32 പന്തില്‍ 50 റണ്‍സെടുത്ത രാജപക്‌സെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തക്കായി ടിം സൗത്തി രണ്ടും വരുണ്‍ ചക്രവര്‍ത്തി സുനില്‍ നരെയ്ന്‍ എന്നിവര്‍ ഒരോ വിക്കറ്റുമെടുത്തു.