10 June 2023 Saturday

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം; ചെന്നൈ സൂപ്പര്‍ കിങ്സിനെ 5 വിക്കറ്റിന് തകര്‍ത്തു

ckmnews


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തോടെ തുടക്കം. നാല് തവണ ചാമ്പ്യന്‍മാരായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും വിജയം നേടി. അവസാന ഓവര്‍വരെ നീണ്ട മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം 4 പന്തുകള്‍ ശേഷിക്കെ ഗുജറാത്ത് നേടിയെടുത്തു.


ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 36 പന്തുകളില്‍ നിന്ന് 6 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സാണ് താരം അടിച്ചെടുത്തത്. 27 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 25 റണ്‍സുമായി തിളങ്ങി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് നടത്തിയ മിന്നല്‍ ആക്രമണം ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. രാഹുല്‍ തെവാത്തിയ 15 റണ്‍സും റാഷിദ് 10 റണ്‍സും നേടി പുറത്താവാതെ നിന്നു.

ബൗളിങ് നിരയിലെ മോശം പ്രകടനമാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം. മുന്‍നിരെ ബൗളര്‍മാര്‍ അടക്കം എല്ലാവരും ഗുജറാത്ത് ബാറ്റര്‍മാരുടെ കൈയില്‍ നിന്ന് കണക്കിന് തല്ലുവാങ്ങി. ചെന്നൈയ്ക്ക് വേണ്ടി രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഋതുരാജ് ഗെയ്ക്വാദിന്‍റെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു ചെന്നൈ ഇന്നിങ്‌സിലെ പ്രത്യേകത. 50 പന്തുകള്‍ നേരിട്ട താരം 9 സിക്‌സും 4 ഫോറുമടക്കം 92 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്‌കോര്‍ ഋതുരാജിന്റെ പുറത്താകലോടെ 178-ല്‍ ഒതുങ്ങി.


മോയിന്‍ അലി 23 റണ്‍സും ബെന്‍ സ്റ്റോകസ് 7 റണ്‍സും നേടി അംബാട്ടി റായിഡു ശിവം ദുബേേ എന്നിവര്‍ യഥാക്രമം 12 ഉം 19 ഉം റണ്‍സ് നേടി. ഗുജറാത്തിനായി റാഷിദ് ഖാനും അല്‍സാരി ജോസഫും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.