സമസ്തമേഖലകളിലും വിലക്കയറ്റവുമായി പുതിയ സാമ്പത്തികവര്‍ഷത്തിന് തുടക്കം.

സമസ്തമേഖലകളിലും വിലക്കയറ്റവുമായി പുതിയ സാമ്പത്തികവര്‍ഷത്തിന് തുടക്കം.
സമസ്തമേഖലകളിലും വിലക്കയറ്റവുമായി പുതിയ സാമ്പത്തികവര്‍ഷത്തിന് തുടക്കം. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപവീതം കൂടി. വര്‍ധിപ്പിച്ച ടോള്‍ നിരക്കും മദ്യവിലയും പ്രാബല്യത്തിലായി. ഇവയ്ക്ക് പുറമെ വാഹനം, ഭൂമി, മരുന്ന് തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരുപിടി കാര്യങ്ങള്‍ക്ക് ഇന്നുമുതല്‍ ചെലവേറും.
കഴിഞ്ഞ പത്ത് മാസമായി രാജ്യത്ത് എണ്ണക്കമ്പനികള്‍ പെട്രോള്‍ഡീസല്‍ വില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ കേരളത്തില്‍ ഇന്നുമുതല്‍ ലീറ്ററിന് രണ്ടുരൂപ വച്ച് കൂടുന്നു. സാമൂഹ്യക്ഷേമ സെസ് എന്നപേരില്‍ ഇക്കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയതാണ് ഈ രണ്ടു രൂപ. വര്‍ധനവ് ഭക്ഷ്യ വിലക്കയറ്റത്തിനടക്കം വഴിയൊരുക്കും എന്നുറപ്പ്
ടോള്‍ നിരക്ക് കൂടിയത്, രാജ്യത്ത് പൊതുവില്‍ നോക്കിയാല്‍ 5 രൂപാമുതല്‍ 40 രൂപവരെ. ഓരോ ടോള്‍ ബൂത്തിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത് എന്നതിനാല്‍ പുതിയ നിരക്കിലും ആ വ്യത്യാസമുണ്ടാകും. പാലക്കാട് വാളയാര്‍ ടോള്‍പ്ലാസയില്‍ 5% ഉം പന്നിയങ്കരയില്‍ 10% വരെയും നിരക്ക് കൂടി. കൊച്ചി– കുമ്പളം, കൊച്ചി– പൊന്നാരിമംഗലം, കൊല്ലം–കാവനാട് ടോള്‍ പ്ലാസകളില്‍ നിരക്ക് കൂടി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് മാറ്റം ഇപ്പോഴില്ല, സെപ്റ്റംബറില്‍ ഉണ്ടാകും.
ഇരട്ടിയാക്കിയ റോഡ് സുരക്ഷാ സെസ് നിലവില്‍ വന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 50 ആയിരുന്നത് 100 രൂപയായി. കാറുകള്‍ക്ക് 100 രൂപയായിരുന്നത് 200 ആയി. സ്വകാര്യവാഹനങ്ങളുടെ ഒറ്റത്തവണ നികുതിയും കൂടി. 5ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും 5ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെയുള്ളവയ്ക്ക് രണ്ട് ശതമാനവും കൂടി.
ഭൂമി ന്യായവിലയില്‍ ഇന്ന് മുതല്‍ 20% വര്‍ധന. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവ് കൂടും. ന്യായവില ഒരുലക്ഷമെങ്കില്‍ റജിസ്ട്രേഷനും സ്റ്റാംപ് ഡ്യൂട്ടിയും ചേര്‍ത്ത് ഇടപാട് ചെവല് പതിനായിരം രൂപവരും. കെട്ടിടനികുതി, ഉപനികുതികള്‍ ഇന്നുമുതല്‍ വര്‍ധിച്ചത് അഞ്ച് ശതമാനം. പഞ്ചായത്ത്, നഗരസഭാ വ്യത്യാസമില്ലാതെ കെട്ടിട പെര്‍മിറ്റ് ഫീസുകളും വര്‍ധിച്ചു.
മദ്യത്തിന് ഒരു കുപ്പിക്ക് 40 രൂപവരെ കൂടി. 500 മുതല് 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപ, 1000ന് മുകളില്‍ വിലയുള്ളവയ്ക്ക് 40 രൂപ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതാണ് കാരണം. ജിഎസ്ടി നഷ്ടപരിഹാര സെസും ദുരന്തനിവാരണ സെസും കേന്ദ്രം കൂട്ടിയതാണ് സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും വിലകൂടാന്‍ കാരണം. മരുന്നാണ് മറ്റൊന്ന്. പുതിയ ബാച്ചുകള്‍ ഇറങ്ങിയാലേ എത്രകണ്ട് വിലകൂടി എന്ന് വ്യക്തമാകൂ. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാംപ് അടക്കം കോടതി വ്യവാഹര ഫീസ് വര്‍ധനവുകളും പ്രാബല്യത്തിലായി. സാധാരണക്കാരന്‍ ഇനിയും മുണ്ട് മുറുക്കണമെന്ന് ചുരുക്കം.