24 June 2024 Monday

ആയിങ്ങൾക്ക് അക്ഷര വെളിച്ചം നൽകി ഡോ.മുരുഗദോസ് പടിയിറങ്ങുന്നു

ckmnews

ആയിങ്ങൾക്ക് അക്ഷര വെളിച്ചം നൽകി ഡോ.മുരുഗദോസ് പടിയിറങ്ങുന്നു


ചങ്ങരംകുളം :ആയിരങ്ങൾക്ക് അറിവിന്റെ നല്ല പാഠങ്ങളും വെളിച്ചവും നൽകിയ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ കൂടിയായ ഡോ.മുരുഗദോസ് വിരമിക്കുന്നു.ഒന്നര പതിറ്റാണ്ടിലെ സേവനത്തിനു ശേഷമാണ് പ്രിൻസിപ്പാൾ ഡോ.മുരുഗദോസ് പടിയിറങ്ങുന്നത്‌.2003 ലാണ് ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലേക്ക് അദ്ധ്യാപകനായി മുരുഗദോസ് എത്തിയത്.നീണ്ട 13 വർഷം സ്കൂൾ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയിയെയും കൃഷിയേയും ഏറെ സ്നേഹിച്ച ഈ അധ്യാപകന്റെ നേതൃത്വത്തിൽ ജില്ല തലത്തിലും,സംസ്ഥാന തലത്തിലും നിരവധി അംഗീകാരങ്ങൾ സ്കൂളിന് നേടിക്കൊടുത്തു.2012- 2013 ൽ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള  മൂന്ന് ഹരിത അവാർഡുകൾക്കൊപ്പം നല്ല ലീഡർക്കുള്ള പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായി. 


 വിദ്യാർത്ഥികളെ ഏറെ സ്നേഹിക്കുന്നതിനോടൊപ്പം  നല്ല അച്ചടക്കം വളർത്തുന്നതിനും ,അധ്യാപകന് സാധിച്ചിരുന്നു.ജോലി സമയം കഴിഞ്ഞാലും രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ  സ്കൂളിന്റെ പുരോഗതിക്കു വേണ്ടി തന്റെ ചിന്തകളും പ്രവർത്തനങ്ങളും സമർപ്പിക്കാൻ ഈ അധ്യാപകന് കഴിഞ്ഞു. സ്കൂൾ പി ടി എ , സഹ അദ്ധ്യാപകർ  , നാട്ടുകാർ , ചുമട്ടുതൊഴിലാളികൾ , ഓട്ടോ - ടാക്സി ഡ്രൈവർന്മാർ , പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരുടേയും മികച്ച പിൻതുണയും അധ്യാപകനെ പ്രിയങ്കരനാക്കി.


ക്ലാസ് മുറികളിലെ മാഷിന്റെ ജീവിത പാഠങ്ങളും പഠിപ്പിക്കലും വിദ്യാർത്ഥികളെ ഏറെ സ്വാധീനിച്ചിരുന്നു.സ്കൂളിലെത്തുന്ന ആർക്കും മാഷിനോട് സൃഹൃത്തിനെന്ന പോലെ ഇടപഴകാൻ  കഴിഞ്ഞു.


2017 ൽ പ്രമോഷനായി തൃശൂർ മാള ഐരാണിക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു. അവിടെയും മറക്കാൻ കഴിയാത്ത ഒരു പാട് ഓർമ്മകളാണ് മാഷ് ഐരാണികുളം ഗ്രാമത്തിന് നൽകിയത്.2018 ൽ ഐരാണിക്കുളം ഗ്രാമം പ്രളയത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ സാമൂഹിക പ്രതിബദ്ധതകൾ മറന്ന് പോകാതെ മാഷ് മുന്നിട്ടറങ്ങി.പ്രളയത്തിലും , ദുരിതാശ്വാസ ക്യാമ്പിലും,  കോവിഡ് മഹാമാരിയിലും ഐരാണികുളത്ത്  നന്മയുടെ തണൽമരമായി ഒപ്പം നിന്നു.സ്കൂൾ അധ്യാപക  സേവനത്തോടൊപ്പം നിൽക്കുമ്പോഴും മാഷ് പഠനചിന്തകളിലൂടെയുള്ള സഞ്ചാരത്തിലായിരുന്നുഅവധികൾ  എടുക്കാതെ ജനിച്ച ഗ്രാമമായ മൂന്നാറിലെ  ടൂറിസത്തിന്റെ വിഷയത്തിൽ   2019 ൽ പി.എച്ച്.ഡി എടുത്തു.


2021 ൽ  ചാലിശേരി ഗവ: ഹയർ സെക്കണ്ടറി പ്രിൻസിപ്പിളായി വീണ്ടും ചാലിശേരി യിലെത്തി.കഴിഞ്ഞ നാളുകളിൽ സ്കൂൾ വികസനത്തിന്റെ സമസ്ത മേഖലകളിലും തനതായ കയ്യൊപ്പ് ചാർത്തിയാണ് നിറയെ ശിഷ്യരുള്ള മാഷ് വിരമിക്കുന്നത്. സ്കൂളിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ  മന്ത്രി അഡ്വ എം.ബി.രാജേഷ് , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക എന്നിവർ ഉപഹാരം  സമ്മാനിച്ചു.ഇടുക്കി തോട്ടം മേഖലയിലെ എൽ.പി സ്കൂൾ , കോയമ്പത്തൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി എന്നിടങ്ങളിലായിരുന്നു വിദ്യഭ്യാസം നടത്തിയത്.എസ്ഥേർ റാണി  സഹധർമ്മിണിയാണ്  , ജെസി എം , ജസ്പർ ഫ്രാൻകലിൻ എം എന്നിവർ മക്കളാണ്.


റിപ്പോർട്ട്:ഗീവർ എ.സി

ചാലിശേരി