അർജന്റീനയെ നിലം പരിശാക്കിയ സൗദി പരിശീലകൻ ഹെർവ് റെണാർഡ് രാജിവെച്ചു; ലക്ഷ്യം ഫ്രാൻസ്

2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ മുട്ടുകുത്തിച്ച സൗദി അറേബ്യൻ പരിശീലകൻ ഹെർവ് റെണാർഡ് പടിയിറങ്ങി. മുപ്പത്തിയാറ് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചു അജയ്യരായി കുതിച്ചുവന്ന അർജന്റീനക്ക് മൂക്കുകയർ ഇട്ടത് ഹെർവ് റെനഡിന്റെ കീഴിലുള്ള സംഘമാണ്. സൗദിയോട് അന്ന് തോൽവി പിണഞ്ഞില്ലായിരുന്നെകിൽ ഏറ്റവും അധികം മത്സരങ്ങളിൽ തോൽവിയില്ലാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോർഡിന് ഒപ്പമെത്തുമായിരുന്നു അർജന്റീന. സൗദി ഫുട്ബോൾ അസ്സോസിയേഷനാണ് പരിശീലകൻ ടീമിൽ നിന്ന് പടിയിറങ്ങിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസിന്റെ പരിശീലകനായി ഹെർവ് റെണാർഡ് സ്ഥാനമേൽക്കും. പരിശീലകയായിരുന്ന കോറിൻ ഡ്യക്രെയെ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പുറത്താക്കിയ സാഹചര്യത്തിലാണ് റെണാർഡ് ടീമിലെത്തുന്നത്. ടൂർണമെന്റിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ഫ്രഞ്ച് ടീമിൽ പുതിയ പരിശീലകൻ സ്ഥാനമേൽക്കുന്നത്. റെനഡിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നൽകുന്നെന്നും സൗദി ഫുട്ബോൾ അസോസിയേഷൻ ട്വീറ്റിൽ വ്യക്തമാക്കി
2019 ജൂലൈയിലാണ് സൗദി അറേബ്യയുടെ മുഖ്യ പരിശീലകനായി ഹെർവ് റെണാർഡ് സ്ഥാനമേറ്റത്. സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും അധികം മത്സരങ്ങൾ വിജയിക്കുന്ന ആദ്യ വിദേശ മാനേജരായി റെണാർഡ് മാറി. ആ നേട്ടത്തോടെ ലോകകപ്പിലേക്ക് എത്തിയ റെണാർഡും സംഘവും ആദ്യ മത്സരത്തിൽ അർജന്റീനയെ തോല്പിച്ചായിരുന്നു തങ്ങളുടെ കരുത്ത് കാണിച്ചത്. എന്നാൽ, ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം സൗദിക്ക് ടൂർണമെന്റിൽ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നില്ല. പോളണ്ടിനോടും മെക്സിക്കോയോടും തോറ്റ ടീം നോക്കോട്ട് കാണാതെ പുറത്തായി.