18 April 2024 Thursday

അയിരൂര്‍ കഥകളി ഗ്രാമത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം; രാജ്യത്തെ ആദ്യ കഥകളി ഗ്രാമം

ckmnews


പത്തനംതിട്ട :അയിരൂർ കഥകളി ഗ്രാമത്തിന്

കേന്ദ്രസർക്കാരിന്റെ അംഗീകാരം. പഞ്ചായത്ത് ഇനിമുതൽ അറിയപ്പെടുക അയിരൂർ കഥകളി ഗ്രാമം എന്നാകും. ഇത്തരം അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമമാണ് അയിരൂർ.


കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയും അയിരൂർ ഗ്രാമവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കല്ലേക്കുളങ്ങരയും കഥകളിയുടെ നാടുകളായി അറിയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി കഥകളി ഗ്രാമം എന്ന് പ്രഖ്യാപിക്കപ്പെട്ട ഗ്രാമം അയിരൂരാണ്. 1995ൽ ഗ്രാമത്തിൽ കഥകളി ക്ലബ് പ്രവർത്തനം ആരംഭിച്ചു.

2006മുതൽ ജനുവരി മാസം പമ്പാ തീരത്ത് കഥകളി മേളയും നടന്നുവരുന്നു. ഇത്രയേറെ ആത്മബന്ധം കഥകളിയുമായി ഉള്ളതിനാലാണ് 2010ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചത്. 2019ൽ സംസ്ഥാന സർക്കാർ അത് ബന്ധപ്പെട്ട വകുപ്പുകളെ

അറിയിക്കുകയുമായിരുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നാമകരണം നൽകി ഉത്തരവിട്ടത്.


അയിരൂർ സൗത്ത് തപാൽ ഓഫിസിന്റെ പേരും കഥകളി ഗ്രാമം പി.ഒ എന്നായി മാറും. അയിരൂരിൽ കഥകളി മ്യൂസിയം സ്ഥാപിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.