മലപ്പുറത്ത് ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ മുൻ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിൽ; അധ്യാപകരുള്‍പ്പെടെ നിരവധി ഇരകൾ

മലപ്പുറം: ഇടപാടുകാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശി ദലീല്‍ പറമ്പാട്ട് ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്.
ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂര്‍ സ്വദേശി ദലീല്‍ ചെയ്തുവന്നിരുന്നത്. ക്രെഡിറ്റ് കാര്‍ഡ് റദ്ദ് ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ കാര്‍ഡും മൊബൈല്‍ ഫോണും ലോഗിന്‍ ഐഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി.
പ്രതിയുടെ വ്യാജ ഇമെയില്‍ ഐ ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ ലോണുകള്‍ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വഴിക്കടവ് സ്വദേശിനിയുടെ 1,20,000 രൂപ തട്ടിയെടുത്ത കേസ്സിലാണ് ദലീല്‍ പിടിയിലായത്. വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രതി സമാനമായ രീതിയില്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തി.
വണ്ടൂരിലെ അങ്കണവാടി അധ്യാപികയും തട്ടിപ്പിന് ഇരയായി പൂക്കോട്ടുംപാടത്തെ കെഎസ്ഇബി ജീവനക്കാരന്റെ 1,20,000 രുപയും വണ്ടൂരിലെ ഒരു വിദ്യാലയത്തില്‍ നിന്നു അഞ്ച് അധ്യാപകരുടെ 15 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്
പരാതിയെ തുടര്‍ന്ന് പ്രതിയെ ബാങ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. വീണ്ടും ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേര്‍ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.