20 April 2024 Saturday

കാഴ്ചപരിമിതരായ വിദ്യ - മുത്തു ദമ്പതികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി

ckmnews

കാഴ്ചപരിമിതരായ വിദ്യ - മുത്തു ദമ്പതികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി 


കുന്നംകുളം :കാഴ്ചപരിമിതരായ ദമ്പതികൾക്ക് കൂടൊരുക്കി പോർക്കുളം പഞ്ചായത്ത്. കാഞ്ചിയത്ത് വീട്ടിൽ വിദ്യ - മുത്തു ദമ്പതികൾക്കും അവരുടെ ഏഴുവയസ്സുള്ള മകൾക്കും സുരക്ഷിതമായ തണലൊരുക്കാൻ പഞ്ചായത്തിനൊപ്പം കുടുംബശ്രീയും ജനകീയ കൂട്ടായ്മയും കൈകോർത്തു.അകതിയൂർ എട്ടാം വാർഡിലെ ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കളാണ് വിദ്യയും മുത്തുവും.പദ്ധതിയിൽ നിന്നും അനുവദിച്ച നാല് ലക്ഷം രൂപയും  ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിച്ച ബാക്കി തുകയും ചേർത്താണ് 520 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട് നിർമിച്ചു നൽകിയത്.പുതിയ ഭരണസമിതി അധികാരത്തിൽ വന്നതോടെ എട്ടാം വാർഡിൽ മൂന്ന് വീടുകളാണ് പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകിയത്.വീടിന്റെ താക്കോൽ ദാന ചടങ്ങ് എ. സി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി കെ വാസു മുഖ്യാതിഥിയായി.ബ്ലോക്ക് മെമ്പർ സിന്ധുബാലൻ, ഭരണസമിതിയംഗങ്ങളായ ജിഷ ശശി, അഖില മുകേഷ്, സുധന്യ സുനിൽകുമാർ, കെ എ ജ്യോതിഷ്, ബിജു കോലാടി, വിജിത പ്രജി, രേഖ ജയരാമൻ, പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മണികണ്ഠൻ, സിഡിഎസ് അംഗങ്ങൾ, ജനകീയ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.