25 April 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ജന്‍ഡര്‍ ബജററ് അവതരിപ്പിച്ചു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ജന്‍ഡര്‍ ബജററ് അവതരിപ്പിച്ചു


​പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക ബജററ് ജന്‍ഡര്‍ ബജററായി  അവതരിപ്പിച്ചു പാസാക്കി. 41.55 കോടി രൂപയുടെ വരവും, 41.48 കോടി ചെലവും 7.91 ലക്ഷം നീക്കിയിരിപ്പും ഉള്ള ബജററാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൗദാമിനി അവതരിപ്പിച്ചത്. ഉല്‍പാദന മേഖലക്കും,പാര്‍പ്പിടത്തിനുമാണ് ഈ ബജററ് ഊന്നല്‍ നല്‍കുന്നത്. മലപ്പുറം ജില്ലയുടെ നെല്ലറയായ പൊന്നാനി കോള്‍ മേഖലയുടെ സമഗ്ര വികസനം ബജററ് ലക്ഷ്യമിടുന്നു. അതിനായി കൃഷി വകുപ്പ് കോള്‍മേഖല പാക്കേജ്,ആര്‍.കെ.വി.വൈ, റീബില്‍ഡ് കേരള ഇനീഷ്യേററീവ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ അടക്കമുള്ള വിവിധ ലൈന്‍ ഡിപ്പാര്‍ട്ടുമെന്‍റുകളെ ഏകോപിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കുമെന്നും അതിനായി 1.05 കോടി രൂപ വകയിരുത്തിയതായും അറിയിച്ചു 


വനിതകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ ചേര്‍ത്തുപിടിക്കുന്ന പദ്ധതികള്‍ക്ക് നല്ല പ്രാധാന്യം നല്‍കികൊണ്ടാണ് ബജററ് അവതരിപ്പിച്ചത്.അത്കൊണ്ട് തന്നെ ജന്‍ഡര്‍ബജററ് എന്ന പേര് അന്വര്‍ത്ഥമാക്കന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്‍റ് അഡ്വ ഇ.സിന്ധു കൂട്ടിച്ചേര്‍ത്തു.സര്‍ക്കാറിന്‍റെ സംരംഭകവര്‍ഷത്തില്‍ കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ നടപ്പുവര്‍ഷം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ ബജററിലും തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. അതില്‍ 90% സംരംഭങ്ങളും വനിതകളെയും, പട്ടികജാതി വിഭാഗങ്ങളെയും ഉദ്ദേശിച്ചിട്ടുള്ളതാണ്. യുവാക്കളെയും, വനിതകളെയും, ഭിന്നശേഷിക്കാരെയും പ്രായമായവരേയും മുന്‍കണ്ട് വനിതാ സാംസ്കാരികോല്‍സവം, കേരളോല്‍സവം, ഗെയിംസ് ഫെസ്റ്റ്, അരുണിമ പദ്ധതി, സുസാധ്യം പദ്ധതി, നിര്‍ണ്ണയം പദ്ധതി, സുകൃതം പദ്ധതി എന്നിവക്ക് ഊന്നല്‍  നല്‍കും. പി.എം.എ.വൈ ജനറല്‍, ലൈഫ് പദ്ധതി എന്നിവയിലൂടെ ബ്ലോക്ക് പരിധിയില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ബജററില്‍ ഊന്നല്‍ നല്‍കുന്നു. സ്ത്രീകളുടെ അവകാശങ്ങളെകുറിച്ച് ബോധവല്‍ക്കരിക്കാനും, വീട്ടമ്മമാരെ വരുമാനദായക സംരംഭങ്ങളുമായി ബന്ധിപ്പിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, സമൂഹത്തില്‍ സ്വതന്ത്രമായി ഇടപഴകുന്നതിനും, അവരുടെ സര്‍ഗ്ഗശേഷി പ്രകടമാക്കുന്നതിന് സാംസ്കാരികോല്‍സവം പോലുള്ള വിവിധ പദ്ധതികളിലൂടെ സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.ബജറ്റ് യോഗത്തിൽ ഗ്രാമ പഞ്ചായത്പ്രസിഡന്റുമാരായ മിസ്‌രിയ സൈഫുദീൻ നന്നംമുക്ക്.ബീന ടീച്ചർ മാറഞ്ചേരി , ജില്ലാ പഞ്ചായത്തംഗം എകെ സുബൈർ എന്നിവർ സംസാരിച്ചു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെജെ അമൽദാസ് സ്വാഗതവും പറഞ്ഞു.ഹെഡ് അക്കൗണ്ടന്റ് അനിൽ എ എസ് നന്ദിയും പറഞ്ഞു . 

ഉച്ചക്ക് ശേഷം നടന്ന ബഡ്ജറ്റ് ചർച്ചയിൽ അംഗങ്ങളായ കെസി ശിഹാബ് , കെ രാമദാസ് മാസ്റ്റർ , പി. നൂറുദ്ധീൻ , പി റംഷാദ് , റംഷീന എ എച് എന്നിവർ പങ്കെടുത്തു .വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം 2023- 24 ബജറ്റ് അംഗീകരിച്ചു .