25 April 2024 Thursday

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ സ്ട്രീം ഓഡിറ്റിനും പ്രദേശിക വാട്ടർ അറ്റ്ലസ് നിർമ്മാണത്തിനും പദ്ധതിയുമായി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ലോക ജലദിനത്തിൽ ഡ്രോൺ സർവ്വേക്ക് തുടക്കമായി

ckmnews

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ സ്ട്രീം ഓഡിറ്റിനും പ്രദേശിക വാട്ടർ അറ്റ്ലസ് നിർമ്മാണത്തിനും പദ്ധതിയുമായി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്


ലോക ജലദിനത്തിൽ ഡ്രോൺ സർവ്വേക്ക് തുടക്കമായി


പഞ്ചായത്തിന്റെ സമ്പൂർണ്ണ സ്ട്രീം ഓഡിറ്റിങ്ങ് നടത്തി വാട്ടർ അറ്റ്ലസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ജിപിഎസ് ഡ്രോൺ സർവ്വേക്കാണ് പുറങ്ങ് കാരേക്കാട് സ്കൂളിന് സമീപം മഠത്തിതോട്ടിൽ തുടക്കമായത്.രണ്ട് പ്രളയങ്ങളിൽ നിന്നും വരൾച്ച കാലത്തുനിന്നും ഉൾക്കൊണ്ട പാഠങ്ങളുടെ ഭാഗമായി ജലദുരന്ത-ദുരിത ലഘൂകരണ പ്രവർത്തനങ്ങൾക്കും, ജലസേജന-കുടിവെള്ള പ്രവർത്തനങ്ങൾക്കും, പരിസ്ഥിതി-ജൈവ വൈവിധ്യ-ആവാസവ്യവസ്ഥാ പുനസ്ഥാപന പ്രവർത്തനങ്ങൾക്കും അതുവഴി സുസ്ഥിര വികസന പദ്ധതി ആസൂത്രണങ്ങൾക്കും ഏറെ സഹായകരമാകും വിധത്തിലാണ് വാട്ടർ അറ്റ്ലസിന്റെ നിർമ്മാണം എന്ന തനത് പദ്ധതി പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.


സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്ത് ആ പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളുടേയും ഓഡിറ്റിങ്ങ് നടത്തി വാട്ടർ അറ്റ്ലസ് രൂപീകരിക്കുന്ന പദ്ധതിയാണിത്.പഞ്ചായത്തിലെ മുഴുവൻ തോടുകളുടേയും നവീകരണ പുനരുജ്ജീവന പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയവും സാങ്കേതികവുമായ വിവിധ തരം സർവ്വേകകളിലൂടെ നിലവിലെ തോടുകളുടേയും നീർച്ചാലുകളുടേയും തൽസ്ഥിതി വിവര കണക്കുകൾ ശേഖരിച്ച്  ഒരു കരട് സ്ട്രീം റിപ്പോർട്ട് തയ്യാറാക്കുന്നതാണ് പദ്ധതിയുടെ ഒരു ഘട്ടം.


 പിന്നീട്ട് തോടുകളുടെ  നീളം വീതി ആഴം വൃഷ്ടി പ്രദേശം പുഴത്തടം (floodplane) എന്നിവ ജിപിഎസ് ഡ്രോൺ സർവ്വേ, സാറ്റ്ലൈറ്റ് സർവ്വേ,  കെടസ്ട്രൽ സർവ്വേ, ഡിജിറ്റൽ ടോപ്പോഷീറ്റ് സർവ്വേ,ജിയോഗ്രഫിക്കൽ ഹിസ്റ്ററി മാപ്പിങ്ങ്,  എന്നിവ നടത്തി പൂർണ്ണ രീതിയിൽ സ്ട്രീം ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കും.തുടർന്ന് ജിഐഎസ്  മാപ്പിങ്ങ് വഴി സമ്പൂർണ്ണ ജലവിഭവ ഭൂപട നിർമ്മാണം കൂടി നടത്തിയാണ്  വാട്ടർ അറ്റ്ലസ് നിർമ്മാണം പൂർത്തിയാക്കുക എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചർ പറഞ്ഞു..സംസ്ഥാന സർക്കാറിന്റെ നവകേരളം കർമ്മ പദ്ധതിയായ തെളിനീരൊഴുകും നീരുറവ.  ശുചിത്വ മിഷന്റെ  ഇനിഞാനൊഴുകട്ടെ, ഹരിതമിഷന്റെ നീരുറവ് തുടങ്ങിയ വിത്യസ്ഥ പദ്ധതികളുടെ ചുവട് പിടിച്ച് ഒരു സംയോജിത പദ്ധതിയായി മാറഞ്ചേരി പഞ്ചായത്ത് ബിഎംസി നിർദദേശിച്ച്  നടപ്പിലാക്കുന്ന ഒരു തനത് പദ്ധതിയാണ് ഇത്.


''ആസൂത്രണ രീതിയിൽ ഇത് പൂർത്തിയാകുമ്പോൾ ജല-ജൈവവൈവിധ്യ   പദ്ധതികൾക്ക് നിരവധി മാതൃകകൾ സമ്മാനിച്ച മാറഞ്ചേരിയുടെ മറ്റൊരു മാതൃകാ പ്രവർത്തനമായി ഇത് മാറും എന്ന് തന്നെയാണ്  പ്രതീക്ഷിക്കുന്നത്'' എന്നും പ്രസിഡന്റ് പറഞ്ഞു.സെന്റർ ഫോർ സസ്‌സ്റ്റൈയിനബ്ൾ റൂറൽ ഡവലപ്പ്മെന്റ് ആന്റ് ഇക്കോളജിക്കൽ റസ്റ്റൊറേ്വഷൻ (CSRDER) ആണ് പഞ്ചായത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ഒരുക്കുന്നത്.ഈ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും നടക്കുന്ന ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം ഇന്ന് നടന്നു.പുറങ്ങ് മഠത്തിൽതോട് വീസിബിക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്   അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ  ലീന മുഹമ്മദാലി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.സിഎസ് ഡി ഇ ആർ പ്രോജക്ട് കോഡിനേറ്റർ  ജമാൽ പനമ്പാട് പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പറും സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സനുമായ തൈപറമ്പിൽ ബൽക്കീസ് സ്വാഗതവും എൻആർഇജിഎസ് അക്രഡിറ്റഡ് എഞ്ചിനീയർ ശ്രജിത്ത് വിഎൻ നന്ദിയും രേഖപ്പെടുത്തി