08 June 2023 Thursday

സത്യമാണ് എന്റെ ദൈവം; കോടതി വിധിക്ക് ശേഷം മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ckmnews


മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കോടതി വിധിക്ക് ശേഷം മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്.


“സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗമാണ് അഹിംസ.” എന്ന മഹാത്മാ ഗാന്ധിയുടെ വരികളാണ് രാഹുൽ ഗാന്ധി ഉപയോഗിച്ചത്.


ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സമയം നൽകി ജാമ്യം അനുവദിച്ചിട്ടുണ്ട്. തുടർന്നാണ് സത്യമാണ് ദൈവമെന്ന ഗാന്ധി വരികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.