ചരിത്രമെഴുതാൻ റൊണാൾഡോ; ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ ഇറങ്ങുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയാൽ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ ബൂട്ട് കെട്ടുന്ന താരമെന്ന റെക്കോർഡ് കൂടി താരത്തിന്റെ കരിയറിൽ സുവർണ ലിപികളിൽ എഴുതപ്പെടും.
നിലവിൽ പോർചുഗലിനായി 196 മത്സരങ്ങളിൽ റൊണാൾഡോ ബൂട്ടണിഞ്ഞിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിൽ മൊറോക്കോക്ക് എതിരായ മത്സരത്തിൽ പകരക്കാരനായി താരം കളിക്കളത്തിൽ ഇറങ്ങിയതോടെ നിലവിലെ ലോക റെക്കോർഡിന് സമീപത്തെത്തി. കുവൈറ്റ് താരം ബദർ അൽ മുത്വക്ക് ഒപ്പമാണ് റൊണാൾഡോ നിലവിൽ റെക്കോർഡ് പങ്കിടുന്നത്. ഇന്നത്തെ മത്സരത്തിൽ റോബർട്ടോ മാർട്ടിനസ് താരത്തെ കളിക്കളത്തിൽ ഇറക്കിയാൽ ആ റെക്കോർഡും റൊണാൾഡോക്ക് സ്വന്തം. നിലവിൽ, രാജ്യത്തിനായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ കയ്യിലാണ്. 118 ഗോളുകൾ താരം പോർചുഗലിനായി നേടിയിട്ടുണ്ട്.
ഇപ്പോഴും കളിക്കളത്തിൽ സജീവമായി തുടരുന്ന ബദർ അൽ മുത്വയെ കുവൈറ്റ് വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങൾക്കായി തെരഞ്ഞെടുത്തിട്ടില്ല എന്നത് റൊണാൾഡോക്ക് മേൽക്കൈ നൽകുന്നുണ്ട്. റെക്കോർഡുകളാണ് എന്റെ പ്രചോദനമെന്ന് നിർണായകമായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡോ മറുപടി നൽകിയിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ പുതിയ പരിശീലകന് കീഴിൽ ഇന്ന് ആദ്യ വിജയത്തിനാണ് ശ്രമിക്കുക. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് രാജി വെച്ചിരുന്നു. തുടർന്നാണ്, ബെൽജിയത്തിന്റെ പരിശീലനായിരുന്ന റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റെടുക്കുന്നത്.