കാഞ്ചീപുരത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; 8 പേര്‍ മരിച്ചു, 15ഓളം പേര്‍ ചികിത്സയില്‍

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം 8 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ചിപുരം ജില്ലയിലെ കുരുവിമലൈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന് പുറത്ത് ഉണക്കാനിട്ട പടക്കങ്ങളിലേക്ക് തീപടരുകയായിരുന്നു എന്നാണ് വിവരം.
അഞ്ച് പേര്‍ സംഭവ സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും അപകടത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുമെന്നും കാഞ്ചിപുരം കളക്ടര്‍ എം. ആരതി പറഞ്ഞു.