കാറിന് പിന്നില്‍ ഇടിച്ച് നിര്‍ത്താതെ പോയി കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസിലേല്‍പ്പിച്ച് കാര്‍യാത്രക്കാര്‍ സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: കാറിനു പിന്നിൽ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസിലെ ഡ്രൈവറെ പിന്തുടർന്നു കാറിലുണ്ടായിരുന്നവർ പൊലീസിലേൽപ്പിച്ചു. ബത്തേരി ഡിപ്പോയിലെ ഡ്രൈവറും കൽപറ്റ മുട്ടിൽ സ്വദേശിയുമായ അജിയെ (50) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തു. ഞായർ രാത്രി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം.
വയനാട് നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുറ്റിപ്പുറം ടൗണിൽ വച്ച് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിർത്താതെപോയ ബസിനെ കാറിലുള്ളവർ പിന്തുടരുകയായിരുന്നു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി മാണൂരിലെ ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയതോടെയാണ് കാർ യാത്രക്കാർ ഡ്രൈവറോട് ടൗണിലുണ്ടായ അപകടത്തെക്കുറിച്ച് ചോദിച്ചത്.
ഡ്രൈവർ മദ്യപിച്ചതായി സംശയം തോന്നിയതോടെ ഇവർ പൊലീസിൽ വിവരം നൽകുകയായിരുന്നു. ഇതിനെ തുടർന്ന് കുറ്റിപ്പുറം സിഐ പ്രമോദിന്റെ നേതൃത്വത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് സിഐ പറഞ്ഞു. അറസ്റ്റു ചെയ്ത ശേഷം ഡ്രൈവറെ ജാമ്യത്തിൽവിട്ടു.